ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ വിവാദ പ്രസംഗം: കേസ്​ ഡയറി ഹാജരാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശവുമായി ബന്ധ​പ്പെട്ട് മന്ത്രി ​സജി ചെറിയാനെതിരെ നടത്തിയ അന്വേഷണത്തിന്‍റെ കേസ്​ ഡയറി ഹാജരാക്കണമെന്ന്​ ഹൈകോടതി. മന്ത്രിയുടെ പ്രയോഗങ്ങൾ ഭരണഘടനയോടുള്ള അനാദരവാണെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്നിരിക്കെ പ്രസംഗം കൃത്യമായി വിലയിരുത്താതെ അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് തയാറാക്കിയതെങ്ങനെയെന്ന്​ വിശദീകരണം നൽകാനും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാറിനോട്​ നിർദേശിച്ചു.

ഭരണഘടനയെ അപമാനിക്കുംവിധം 2022 ജൂലൈ മൂന്നിന്​ മന്ത്രി പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രസംഗിച്ച സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ചാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് തള്ളണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്​ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. ഹരജി വീണ്ടും 23ന്​ പരിഗണിക്കും.

കേസ്​ അന്വേഷിച്ച കീഴ്​വായ്പൂർ സ്റ്റേഷൻ ഹൗസ് ഓഫിസറാണ് റിപ്പോർട്ട് ഫയൽ ചെയ്തത്. ഭരണഘടനയെ ഉപയോഗിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്ന വിമർശനം ഉന്നയിച്ചതല്ലാതെ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നാണ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് നൽകിയ അന്തിമ റിപ്പോർട്ടിലുള്ളത്. ആരോപണത്തെ തുടർന്ന്​ രാജിവെച്ച സജി ചെറിയാൻ അന്തിമ റിപ്പോർട്ടിന്​ പിന്നാലെ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയിരുന്നു.

‘‘ഇന്ത്യയിൽ ഏറ്റവുമധികം ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ജനാധിപത്യം, മതേതരത്വം, കുന്തവും കുടച്ചക്രവുമൊക്കെ അതിന്‍റെ മൂലയിലുണ്ട്’’, എന്നീ പ്രയോഗങ്ങൾ മന്ത്രി നടത്തിയിട്ടുണ്ടെന്നാണ്​ ഹരജിയിൽ പറയുന്നത്​. മന്ത്രിയുടെ ശബ്ദപരിശോധന നടത്താതെയും ചില സാക്ഷിമൊഴികൾ തള്ളിയുമാണ് പൊലീസ് നിഗമനത്തിലെത്തിയതെന്നും ഹരജിക്കാരൻ ആരോപിക്കുന്നു.

പ്രസംഗത്തിലെ ചില വാചകങ്ങൾ ഭരണഘടനയോടുള്ള അനാദരമായി സംശയിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രസംഗം റെക്കോ‌ഡ് ചെയ്ത പെൻഡ്രൈവ് ഫോറൻസിക് പരിശോധനക്ക്​ അയച്ചെങ്കിലും റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നാണ്​ സർക്കാർ പറയുന്നത്. അതിനുമുമ്പ് എങ്ങനെയാണ് അന്വേഷണം പൂർത്തിയാക്കിയതെന്ന് കോടതി ചോദിച്ചു. ഈ കേസ് തെളിയിക്കാൻ ഫോറൻസിക് റിപ്പോർട്ട് അനിവാര്യമല്ലെന്നാണ്​​ സർക്കാറിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഇതിന്​ മറുപടി നൽകിയത്​.

മന്ത്രിയുടെ പ്രസംഗത്തിൽ അപാകത തോന്നിയില്ലെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി​. ഹരജി നിലനിൽക്കുന്നതല്ലെന്നും ആരോപണങ്ങൾ ശരിയല്ലെന്നും സർക്കാർ വാദിച്ചു. എന്നാൽ, മുമ്പ് കേട്ട പ്രസംഗത്തിലെ വാക്കുകൾ പിന്നീട് ഓർത്തിരിക്കണമെന്നില്ലെന്ന് കോടതി പറഞ്ഞു. ഔദ്യോഗിക പദവിയിലുള്ളവർ വാക്കുകൾ പരിധിവിടാതെ ശ്രദ്ധിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ്​ കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ടത്​.

Tags:    
News Summary - Saji Cherian's controversial speech against the Constitution: High Court want case diary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.