ആലപ്പുഴ: സംസ്ഥാനത്ത് കെ- റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുണ്ടെന്ന് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍. തീവ്രവാദ സ്വഭാവമുള്ള പ്രതിഷേധത്തിന് പരിശീലനം നല്‍കുന്നതായും മന്ത്രി ആരോപിച്ചു. കൊഴുവല്ലൂരിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോൺഗ്രസും, ബി.ജെ.പിയും, എസ്.യു.സി.ഐയും, വെൽഫെയർ പാർട്ടിയും, എസ്.ഡി.പി.ഐയും ഒറ്റക്കെട്ടാണ്. പുറത്തു നിന്നുള്ള സംഘമെത്തി നാട്ടുകാരെ പരിശീലിപ്പിക്കുന്നുണ്ട്. തന്‍റെ നാട്ടുകാരെ വിലക്കെടുത്ത് പ്രചാരണം സംഘടിപ്പിക്കുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു.
കൈവിട്ട കളി ഇത്തരക്കാർ കളിക്കാൻ തുടങ്ങിയതോടെയാണ് യാഥാർഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ വന്നിരിക്കുന്നത്. ആളുകളെ വിലക്കെടുത്ത് പലതും ചെയ്യിക്കുകയാണ്. സകല ഇടതുപക്ഷ വിരുദ്ധന്മാരും വിമോചന സമരകാലത്ത് ഇറങ്ങിയ പോലെ ഇറങ്ങുകയാണ്. അതാണ് കൊഴുവല്ലൂരിലും മറ്റും കണ്ടത്. പാവപ്പെട്ട ആളുകളെ തെറ്റിദ്ധരിപ്പിച്ച് പൊലീസിന് മുന്നിലേക്ക് ഇറക്കിവിട്ട് പൊലീസുമായി ഏറ്റുമുട്ടലുണ്ടാക്കാനാണ് ശ്രമം നടന്നത്. എന്നാൽ അത് വിജയിച്ചില്ല -സജി ചെറിയാൻ പറഞ്ഞു.
ചെങ്ങന്നൂരിലെ കെ- റെയില്‍ വിരുദ്ധ സമരം തീവ്രവാദ സംഘടനകളുടെ സഹായത്തോടെയാണെന്നായിരുന്നു മന്ത്രി നേരത്തെ പറഞ്ഞത്. സമരം കലാപത്തിനുള്ള ശ്രമമാണ്. അതാണ് ചെങ്ങന്നൂർ ഉൾപ്പെടെ കാണുന്നത്. പണം നല്‍കിയാണ് ജനങ്ങളെ ഇറക്കി വിടുന്നതെന്നും ജനങ്ങള്‍ ഇതില്‍ വീഴരുതെന്നും മന്ത്രി പറഞ്ഞിരുന്നു.
"പദ്ധതിയുടെ ഭാഗമായി ഒന്നാന്തരം നഷ്ടപരിഹാര പാക്കേജ് ഉണ്ട്. എല്ലാം വ്യക്തമായി സർക്കാർ പറയുന്നുണ്ട്. കോൺഗ്രസും ബി.ജെ.പിയും തീവ്രവാദ സംഘടനകളും ആണ് സമരം നടത്തുന്നത്. സിൽവർലൈൻ പദ്ധതി കേരളത്തിൻ്റെ ഭാവിക്കുവേണ്ടിയാണ്. ഇന്ത്യയിൽ 11 സംസ്ഥാനങ്ങളിൽ സിൽവർലൈനിനു സമാനമായ പദ്ധതികൾ തുടങ്ങി. കോൺഗ്രസ്, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാന പദ്ധതികൾ തുടങ്ങിയിട്ടുണ്ട്," എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.