തിരുവനന്തപുരം: മുൻനിര പോരാളികൾ എന്നാണ് അറിയപ്പെടുന്നതെങ്കിലും ശമ്പളം ലഭിക്കാതെ ദുരിതത്തിലായി 108 ആംബുലൻസ് ജീവനക്കാർ. ആഗസ്റ്റ് മാസത്തെ ശമ്പളം ഇതുവരെ ലഭിക്കാതെ വന്നതോടെ തിങ്കളാഴ്ച മുതൽ ശമ്പളം ലഭിക്കുന്നതു വരെ സംസ്ഥാനത്തെ ആശുപത്രികളിൽനിന്നുള്ള റഫറൻസ് കേസുകൾ എടുക്കാതെ സൂചന പണിമുടക്കിന് ഒരുങ്ങുകയാണ് അവർ. നിപ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 12 ആംബുലൻസുകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കി.
അത്യാഹിതങ്ങളിൽപ്പെടുന്നവർക്ക് 108 ആംബുലൻസ് സേവനം തടസ്സമില്ലാതെ ലഭിക്കുമെന്ന് ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) വ്യക്തമാക്കി. പണിമുടക്കോടെ തിങ്കളാഴ്ച മുതൽ ഒരു ആശുപത്രിയിൽനിന്ന് അടുത്ത ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കും മറ്റും രോഗികളെ മാറ്റുന്നതിന് 108 ആംബുലൻസ് സേവനം ലഭിക്കാതെ രോഗികൾ പണം നൽകി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകും.
സർക്കാറിൽനിന്നുള്ള ഫണ്ട് ലഭിക്കുന്നില്ല എന്നു പറഞ്ഞാണ് നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ ഇ.എം.ആർ.ഐ എന്ന സ്വകാര്യ കമ്പനി ശമ്പളം തടഞ്ഞു വെച്ചിരിക്കുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. കൃത്യമായി ഒരു ശമ്പള തീയതി ഇല്ലെന്നും ഓരോ മാസവും ശമ്പളം വൈകി വരുന്നത് ബുദ്ധിമുട്ട് ആകുന്നതായും ജീവനക്കാർ പറയുന്നു. യൂനിയനും കമ്പനിയുമായി നടത്തിയ ചർച്ചയിൽ എല്ലാ മാസവും 10ാം തീയതിക്കുള്ളിൽ ശമ്പളം നൽകുമെന്നാണ് തീരുമാനിച്ചത്. എന്നാൽ, ഇതു പലപ്പോഴും ലംഘിക്കപ്പെട്ടതായി യൂനിയൻ തൊഴിലാളികൾക്ക് നൽകിയ കത്തിൽ പറയുന്നു.
കേരള മെഡിക്കൽ സർവിസസ് കോർപറേഷനാണ് 108 ആംബുലൻസ് പദ്ധതിയുടെ മേൽനോട്ട ചുമതല. കരാർ കമ്പനിക്ക് ഫണ്ട് നൽകുന്ന നടപടി പുരോഗമിക്കുകയാണെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. എന്നാൽ, 35 കോടിയിലേറെ രൂപ കരാർ കമ്പനിക്ക് കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ കുടിശ്ശിക ഉണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.