മലപ്പുറം: സമ്മാനം വാങ്ങാൻ പെൺകുട്ടി വേദിയിലെത്തിയതിനെ വിമർശിച്ച സമസ്ത പണ്ഡിതന്റെ നടപടി ഏറെ വിവാദമായിരിക്കുകയാണ്. മലപ്പുറം രാമപുരത്ത് നടന്ന ചടങ്ങിൽ വേദിയിൽ പെൺകുട്ടി വന്നതിനെതിരെ സമസ്ത ജോയിന്റ് സെക്രട്ടറിയും വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയുമായ എം.ടി അബ്ദുല്ല മുസ്ലിയാരാണ് പ്രതികരിച്ചത്. വിവാദമായതിനെ തുടർന്ന് സമസ്ത നേതാക്കൾ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ സമീപിച്ചെങ്കിലും പ്രശ്നം കൂടുതൽ സങ്കീർണമാക്കി. നിലവിൽ സമസ്തക്ക് പ്രതിരോധവുമായി മുസ്‍ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തി.
ഒരു വടി വീണുകിട്ടിയെന്നു കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്തക്കെതിരായ പ്രചാരണങ്ങൾ പരിധി വിടുന്നുവെന്നും ചർച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമസ്ത മുശാവറ അംഗം എം.ടി അബ്ദുല്ല മുസ്‌ലിയാർ വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് പ്രതികരണം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിറകെ അദ്ദേഹത്തിനെതിരെ വ്യാപകമായി വിമർശനമുയരുകയും ചെയ്തിരുന്നു. വേദിയിലെ പെൺവിലക്കിൽ വിശദീകരണവുമായി പിന്നീട് സമസ്ത നേതാക്കൾ രംഗത്തു വന്നിരുന്നു. എം.ടി അബ്ദുല്ല മുസ്ലിയാരുടെ പ്രകൃതം അങ്ങനെയാണെന്നും സ്ത്രീകളുമായി ഇടപഴകുന്ന രീതി തങ്ങൾക്കില്ലെന്നുമായിരുന്നു സമസ്ത നേതാക്കളുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.