എസ്.ബി.ഐ-അദാനി വായ്പ കരാർ: ബ്ലേഡ് പലിശയുടെ തിരിച്ചുവരവിന് കേന്ദ്രം വഴിയൊരുക്കുന്നു -തോമസ് ഐസക്

തൃശൂർ: നാടിന്‍റെ ശാപമായി മാറിയ പഴയ ബ്ലേഡ് പലിശ സംവിധാനത്തിനുള്ള വഴിയൊരുക്കലാണ് എസ്‌.ബി.ഐയുടെ കാർഷിക വായ്പ വിതരണത്തിന്‌ അദാനിയുമായി കരാറുണ്ടാക്കുന്നതിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്‌.

കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളിൽ സ്വയംസഹായ സംഘങ്ങൾക്ക്‌ 24 ശതമാനം പലിശക്കാണ്‌ സ്വകാര്യ ബാങ്കുകൾ വായ്പ നൽകുന്നത്‌. പൊതുമേഖല ബാങ്കുകളിൽ സ്വകാര്യ ഇൻഷുറൻസ്‌ കമ്പനി ഔട്ട്ലെറ്റ്‌ ഒരുക്കി എൽ.ഐ.സി ഉൾപ്പെടെ പൊതുമേഖല ഇൻഷുറൻസ്‌ കമ്പനികളെയും തകർക്കുകയാണ്‌. ബാങ്ക്‌, ഇൻഷുറൻസ്‌ സ്വകാര്യവത്കരണത്തിനെതിരെ വ്യാപക ചെറുത്തുനിൽപുയർന്നപ്പോൾ കോർപറേറ്റുകൾക്കുവേണ്ടി കേന്ദ്രം വളഞ്ഞവഴികൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സർവിസിൽനിന്ന് വിരമിച്ച ബി.ഇ.എഫ്‌.ഐ മുൻ സംസ്ഥാന പ്രസിഡന്‍റ് ടി. നരേന്ദ്രന് സ്നേഹാദരം പരിപാടിയിൽ 'നവ ലിബറൽ സാമ്പത്തിക നയങ്ങളുടെ മൂന്ന് പതിറ്റാണ്ട്: ഇന്ത്യയുടെ ഭാവി?' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബാങ്ക്‌ സ്വകാര്യവത്കരണത്തിന്‌ നരസിംഹം കമ്മിറ്റിയും എൽ.ഐ.സി സ്വകാര്യവത്കരണത്തിന്‌ മൽഹോത്ര കമ്മിറ്റികളും റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും ഈ മേഖലയിലെ ചെറുത്തുനിൽപുമൂലം പൂർണതോതിൽ നടപ്പാക്കാനായില്ല. അപ്പോൾ കോർപറേറ്റ്‌ അനുകൂലമായി ബാങ്ക്‌ നിയമങ്ങളിൽ മാറ്റം വരുത്തുകയാണ്‌. വായ്പ മുൻഗണനക്രമത്തിൽ വെള്ളംചേർത്ത്‌ സാധാരണക്കാരനുള്ള വായ്പ അദാനിക്കും അംബാനിക്കും നൽകുന്നുവെന്നും ഡോ. ഐസക് പറഞ്ഞു.

Tags:    
News Summary - SBI-Adani loan deal: Center paves way for blade interest -Thomas Isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.