തിരുവനന്തപുരം: സ്‌കൂൾ കലോത്സവ മാനുവലിനു വിരുദ്ധമായി കലോത്സവം നടത്തുവാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം അവസാനിപ്പിക്കണമെന്ന് കേരള അറബിക് ടീച്ചേസ് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി.
നിലവിലുള്ള സ്കൂൾ കലോത്സവ മാന്വൽ പ്രകാരം അറബി, സംസ്കൃതം ഭാഷ പഠിക്കുന്ന കുട്ടികൾക്ക് ജനറൽ വിഭാഗത്തിൽ വ്യക്തിഗത ഇനങ്ങളിൽ 3 ഉം ഗ്രൂപ്പിനങ്ങളിൽ 2 ഉം അതോടു കൂടെ അറബി, സംസ്കൃത മത്സരങ്ങളിലും ഇതേ അനുപാദത്തിൽ പങ്കെടുക്കാമായിരുന്നു. എന്നാൽ 2022 ഒക്റ്റോബർ 14ന് ഇറങ്ങിയ പുതിയ ഉത്തരവ് പ്രകാരം രണ്ടിൽ ഏതെങ്കിലുമൊരു മേളയിൽ ഒരു കുട്ടി ഗ്രൂപ്പടക്കം 5 ഇനങ്ങളിൽ പങ്കെടുത്തു കഴിഞ്ഞാൽ ഇതര മേളയിൽ അവസരം നഷ്ടപെടുകയാണ്. ഇത് അറബി, സംസ്കതം ഭാഷ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ച് വലിയ നഷ്ടമാണ് വരുത്തുക.
നിലവിലുള്ള മാന്വലിനനുസരിച്ച് സ്കൂളുകളിൽ കലോത്സവങ്ങൾ സെപ്തമ്പറിൽ തന്നെ നടന്നു കഴിഞ്ഞതിനാൽ വൈകി വന്ന പുതിയ നിർദ്ദേശം വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് മൂലം സബ് ജില്ല തലം മുതൽ സംസ്ഥാന തലം വരെ എത്തിച്ചേരാവുന്ന മിടുക്കരായവർക്കുള്ള അവസരം ഇല്ലാതാവുന്നു.ഇത് ഒരിക്കലും അംഗീകരിക്കാവുന്നതല്ലെന്നും ഈ ഉത്തരവ് തിരുത്തിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി എം.എ.റഷീദ് മദനി യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് മുഹമ്മദ് നേമം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുജീബ് ജില്ലാ ഭാരവാഹികളായ ഹാസിലുദ്ദീൻ, നാസർ കണിയാപുരം, അനീഷ്.പി, അൻസറുദ്ദീൻ, അൻസാരി കാട്ടാക്കട എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.