തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പരീക്ഷകളുടെ ചോദ്യരീതി മാറുന്നു. ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നതും 50 ശതമാനം ശരാശരി നിലവാരത്തിലുള്ളതും 30 ശതമാനം ലളിതവുമായിരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ, പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) തയാറാക്കി സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിക്കുന്നു. നിർദേശത്തിന് തത്ത്വത്തിൽ അംഗീകാരമായിട്ടുണ്ട്.
ഈ വർഷം മുതൽ എട്ടാം ക്ലാസിലും അടുത്ത വർഷം എട്ടിലും ഒമ്പതിലും തൊട്ടടുത്ത വർഷം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലും ഈ രീതി നടപ്പാക്കും. പഠനത്തിൽ മികവുള്ള കുട്ടികളെ കൃത്യമായി കണ്ടെത്താൻ കഴിയുമെന്നതാണ് നിർദേശിച്ചിരിക്കുന്ന ചോദ്യപേപ്പർ രീതിയുടെ പ്രധാന മേന്മയായി ചൂണ്ടിക്കാട്ടുന്നത്. എട്ടാം ക്ലാസ് മുതലുള്ള പരീക്ഷകളിൽ ഈ വർഷം മുതൽ പാസാകാൻ വിഷയ മിനിമം രീതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിദ്യാർഥിയുടെ നിരന്തര മൂല്യനിർണയം (കണ്ടിന്യൂസ് ഇവാല്വേഷൻ) കൂടുതൽ കാര്യക്ഷമമാക്കാനും മികവ് ഉറപ്പാക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ തയാറാക്കാൻ മന്ത്രിസഭ തീരുമാനപ്രകാരം എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തിയിരുന്നു.
എസ്.സി.ഇ.ആർ.ടിയുടെ സ്റ്റേറ്റ് അസസ്മെന്റ് സെല്ലാണ് പ്രത്യേക ശിൽപശാല നടത്തി പുതിയ ചോദ്യപേപ്പർ മാതൃകയുടെ കരട് തയാറാക്കി സമർപ്പിച്ചത്. പഠിതാവിന് വെല്ലുവിളി ഉയർത്തുന്ന 20 ശതമാനം ചോദ്യങ്ങൾ ആഴത്തിലുള്ള അറിവ് പരിശോധിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ശരി ഉത്തരം തെരഞ്ഞെടുത്ത് എഴുതുന്ന മൾട്ടിപ്ൾ ചോയ്സ് ചോദ്യങ്ങൾ, ചേരുംപേടി ചേർക്കുന്ന രീതിയിലുള്ള മാച്ചിങ് ചോദ്യങ്ങൾ, ഹ്രസ്വമായി ഉത്തരം എഴുതേണ്ട ചോദ്യങ്ങൾ, വിശദമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങൾ, തുറന്ന ചോദ്യങ്ങൾ എന്നിവ ചോദ്യപേപ്പറിലുണ്ടാകണം.
• പഠിതാവിന് വെല്ലുവിളി ഉയർത്തുന്ന 20 ശതമാനം ചോദ്യങ്ങൾ
•50 ശതമാനം ശരാശരി നിലവാരത്തിൽ
•30 ശതമാനം ലളിതം
പരീക്ഷാ ചോദ്യങ്ങൾക്ക് മൂന്ന് തലം നിശ്ചയിക്കുന്നതോടെ, പൊതുപരീക്ഷകളിലെ ‘എ പ്ലസ് പ്രളയം’ അവസാനിക്കും. മികവുള്ള വിദ്യാർഥികൾ മാത്രം എ പ്ലസിലേക്ക് എത്തുന്ന രീതിയിലാണ് ചോദ്യങ്ങളുടെ സ്വഭാവം നിർണയിച്ചിരിക്കുന്നത്.
ഇതിനായി 20 ശതമാനം ചോദ്യങ്ങൾ പഠിതാവിന് വെല്ലുവിളി ഉയർത്തുന്ന തലത്തിലുള്ളതായിരിക്കും. ഈ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുന്നതിലൂടെ മാത്രമേ 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടാനാകൂ. നിലവിൽ ശരാശരി നിലവാരത്തിലുള്ള കുട്ടികൾ പോലും മികവിന്റെ തലമായ എ പ്ലസിലേക്ക് കയറിവരുന്നതാണ് പ്രവണത. 30 ശതമാനം ചോദ്യങ്ങൾ ലളിതമാകുന്നതിലൂടെ തോൽവി പരമാവധി ഒഴിവാക്കാനുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.