കാക്കനാട്: രോഗിയുമായി പോയ ആംബുലൻസിന് വഴിമാറി കൊടുക്കാതെ യാത്ര തുടർന്ന റിക്കവറി വാനിന്റെ ഡ്രൈവർ കോട്ടയം പനച്ചിക്കാട് സ്വദേശി വി.ആർ. ആനന്ദിന്റെ ലൈസൻസ് ആർ.ടി.ഒ സസ്പെൻഡ് ചെയ്തു. വൈറ്റില ഭാഗത്ത് നിന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിന് മുന്നിലായിരുന്നു റിക്കവറി വാൻ ഡ്രൈവറുടെ വഴി തടയൽ. വൈറ്റില ചെറിയ പാലത്തിന് സമീപം മുതൽ പാലാരിവട്ടം പാലം വരെയുള്ള ഒരു കിലോമീറ്റർ ദൂരമാണ് മാർഗ്ഗ തടസ്സം ഉണ്ടാക്കിയത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം.
സൈറണും ഹോണും മുഴക്കിയിട്ടും ആംബുലൻസിന് മുന്നിൽ നിന്ന് വാഹനം മാറ്റാൻ യുവാവ് കൂട്ടാക്കിയില്ല. ഒടുവിൽ പാലാരിവട്ടം പാലത്തിന് സമീപം ഇരുചക്രവാഹന യാത്രക്കാർ റിക്കവറി വാൻ തടഞ്ഞുനിർത്തിയതോടെയാണ് ആംബുലൻസ് കടന്നുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം എറണാകുളം ആർ.ടി.ഒ ടി.എം. ജെർസന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിവിധ കുറ്റങ്ങൾക്കുൾപ്പടെ 6250 രൂപ പിഴ ഈടാക്കി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.എ. അസീം, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.പി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ വാഹനം പിടികൂടി ഡ്രൈവറെ ആർ.ടി.ഒക്ക് മുന്നിലെത്തിക്കുകയായിരുന്നു. റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുക്കണമെന്നും റിക്കവറി വാഹനത്തിന്റെ ഡ്രൈവർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.