കെ.എം. ഷാജിക്കെതി​രെ അശോകൻ ചരുവിൽ: ‘യുവജനോത്സവ ഭക്ഷണം: ജാതിപറഞ്ഞ് വിവാദമുണ്ടാക്കിയത് ഞാനാണെന്ന് നാലാംകിട രാഷ്ട്രീയക്കാരൻ പറഞ്ഞുനടക്കുന്നു’

കോഴിക്കോട്: സംസ്ഥാന സ്കൂൾ യുവജ​നോത്സവത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള ചർച്ച ജാതിവിവാദമായതിനുപിന്നിൽ താനാണെന്ന് ഒരു നാലാംകിട രാഷ്ട്രീയക്കാരൻ പറഞ്ഞുനടക്കുന്നുവെന്ന് എഴുത്തുകാരനും പുരോഗമന കലാ സാഹിത്യ സംഘം ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിൽ. മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജിയെ പേരെടുത്ത് പറയാതെ ‘കോഴയും അഴിമതിയും ജീവിതവ്രതമാക്കിയ ഒരു നാലാംകിട രാഷ്ട്രീയക്കാരൻ’ എന്ന് പരാമർശിച്ചാണ് ചരുവിലിന്റെ വിമർശനം.

അശോകന്‍ ചരുവില്‍ എന്ന ഇടതുപക്ഷക്കാരന്‍ യുവജനോത്സവത്തില്‍ ഭക്ഷണം വിളമ്പുന്ന ആള്‍ക്കെതിരെ വിവാദമുണ്ടാക്കിയിരിക്കുകയാണ് എന്ന് ഷാജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘ഭക്ഷണമുണ്ടാക്കുന്ന പഴയിടം മോഹനന്‍ ബ്രാഹ്‌മണനാണ് എന്നാണ് (ചരുവിൽ) പറയുന്നത്. അയാള്‍, നന്നായി വെജിറ്റേറിയന്‍ ഭക്ഷണം പാകം ചെയ്യുന്നയാളാണ്. പേരുകേട്ട ആളാണ്. ആ ഭക്ഷണം പറ്റുമെങ്കില്‍ വാങ്ങി തിന്ന് പോവുക എന്നല്ലാതെ, ഭക്ഷണമുണ്ടാക്കുന്നയാളുടെ ട്രൗസര്‍ പൊക്കി ആരാണെന്ന് നോക്കുന്ന വൃത്തികെട്ട സ്വഭാവമാണ്’ എന്നായിരന്നു കെ എം ഷാജി പറഞ്ഞത്.

എന്നാൽ, കലോത്സവ ഭക്ഷണത്തിൻറെ ചുമതല പഴയിടം മോഹനൻ നമ്പൂതിരിക്ക് തുടർച്ചയായി നൽകുന്നതായി ആരോപണം യുഡിഎഫ് / എസ്.ഡി.പി.ഐ വിഭാഗങ്ങൾ കൊണ്ടുപിടിച്ചു നടത്തുന്ന സമയത്ത് അദ്ദേഹത്തിന് അനുകൂലമായ ഇടപെടുകയാണ് താൻ ചെയ്തത് എന്ന് ചരുവിൽ അവകാശപ്പെട്ടു. ഇത് കേരളത്തിൽ നടന്ന ജനാധിപത്യവൽക്കരണത്തിൻറെ സദ്ഫലമാണ് എന്നും ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

‘ഭക്ഷണം പാകം ചെയ്യുന്ന ബ്രാഹ്മണൻ കേരളത്തിൽ നടന്ന നവോത്ഥാനത്തിൻറെ സംഭാവനയാണ്. തുണിയലക്കുന്ന, നിലമുഴുന്ന, വിറകുവെട്ടുന്ന, കല്ലുടക്കുന്ന, ചെരിപ്പുകുത്തുന്ന നമ്പൂതിരിമാരും ഇന്നുണ്ട്. അവരൊക്കെ വെളിച്ചത്തു വരട്ടെ.

(ശുചീകരണവേലക്ക് സവർണ്ണ ജാതിക്കാർക്ക് പ്രത്യേക സംവരണവും അനുവദിക്കാവുന്നതാണ്.) "നമ്പൂതിരിയെ മനുഷ്യനാക്കണം" എന്ന ഇ.എം.എസിൻ്റെ ഓങ്ങല്ലൂർ പ്രസംഗം കേട്ട് ആവേശഭരിതനായി പട്ടാമ്പി ചന്തയിൽ നിന്ന് കൈക്കോട്ടു വാങ്ങുന്ന ഒരു നമ്പൂതിരിയെക്കുറിച്ച് വി.ടി.യുടെ ഒരു ചെറുകഥയുണ്ട്’ എന്നായിരുന്നു കോഴിക്കോട് സംസ്ഥാന കലോത്സവം നടക്കുന്നതിനിടെ ജനുവരി നാലിന് അശോകൻ ചരുവിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽമീഡിയയിൽ ചർച്ചകൾ സജീവമായിരുന്നു.

അശോകൻ ചരുവിലിന്റെ ഫേസ്ബുക് പോസ്റ്റ്:

ജാതിപറഞ്ഞ് യുവജനോത്സവ ഭക്ഷണത്തെക്കുറിച്ച് വിവാദമുണ്ടാക്കിയത് ഞാനാണെന്ന്, കോഴയും അഴിമതിയും ജീവിതവ്രതമാക്കിയ ഒരു നാലാംകിട രാഷ്ട്രീയക്കാരൻ പറഞ്ഞു നടക്കുന്നതായി അറിയുന്നു.

എൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ലോകസമക്ഷം ഉള്ളതാണ്. (അതിൻ്റെ ലിങ്ക് കമൻ്റിൽ ചേർക്കുന്നു.) കലോത്സവ ഭക്ഷണത്തിൻ്റെ ചുമതല പഴയിടം മോഹനൻ നമ്പൂതിരിക്ക് തുടർച്ചയായി നൽകുന്നതായി ആരോപണം യുഡിഎഫ് / എസ്.ഡി.പി.ഐ വിഭാഗങ്ങൾ കൊണ്ടുപിടിച്ചു നടത്തുന്ന സമയത്ത് അദ്ദേഹത്തിന് അനുകൂലമായ ഇടപെടുകയാണ് ഞാൻ ചെയ്തത്. കേരളത്തിൽ നടന്ന ജനാധിപത്യവൽക്കരണത്തിൻ്റെ സദ്ഫലമാണ് അദ്ദേഹമെന്നാണ് ഞാൻ എഴുതിയത്.

പ്രസ്തുത പോസ്റ്റ് ഞാൻ പിൻവലിച്ചതായ ദുഷ്പ്രചരണവും ചിലർ നടത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ എന്തു നുണയും പറയാം എന്നുണ്ടല്ലോ. സത്യാനന്തരകാലം എന്നു വിശേഷിപ്പിക്കപ്പെടുന്നത് വെറുതെയല്ല.

കഴിഞ്ഞ നാൽപ്പതു വർഷമായി എഴുത്തിലൂടെ സ്വന്തം നിലപാട് വ്യക്തമാക്കിക്കൊണ്ടിരിക്കുന്നയാളാണ് ഞാൻ. ഉദ്ബുദ്ധ കേരളസമൂഹത്തിന് എന്നെ അറിയാം. യാതൊരുവിധ ഉദരംഭരികൾക്കും അതിനെ തമസ്ക്കരിക്കാനാവില്ല.

അശോകൻ ചരുവിൽ

11 01 2023

Tags:    
News Summary - School fest food: Asokan Charuvil against km shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.