തിരുവനന്തപുരം: രാജ്യത്ത് നടക്കുന്ന മുസ് ലീം വേട്ടക്കെതിരെ പ്രതിപക്ഷ കക്ഷിയായ ഇന്ത്യ മുന്നണിയുടെ മൗനം അപകടകരമാണെന്ന് എസ്.ഡി.പി.ഐ. മൂന്നാം മോദി മന്ത്രിസഭ അധികാരമേറ്റതിനുശേഷം രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകങ്ങളും ബുൾഡോസർരാജും വർദ്ധിച്ചുവരികയാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ അമേരിക്ക പോലും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചു എന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് നഗരത്തില്‍ മുസ് ലീം പണ്ഡിതന്മാരെ തലക്കടിച്ച് കൊലപ്പെടുത്തി. പശുക്കടത്താരോപിച്ച് ഛത്തീസ്ഗഡിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് മുസ് ലീം യുവാക്കളെ തല്ലിക്കൊന്നു.
ബലിപെരുന്നാള്‍ ദിനത്തില്‍ ബലിയറുക്കാനായി പശുക്കളെ കടത്തുന്നുവെന്ന് ആരോപിച്ച് തെലങ്കാനയിലെ മേദകില്‍ സംഘപരിവാർ അനുകൂലികൾ കലാപം അഴിച്ചുവിട്ടു.ബീഫ് ഫ്രിഡ്ജിൽ സൂക്ഷിച്ചുവെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ 11 വീടുകള്‍ പൊളിച്ചുനീക്കി.
ഉത്തർപ്രദേശിലെ മുസ് ലീം ഭൂരിപക്ഷ മേഖലയായ അക്ബർ നഗറിൽ ഒന്‍പത് ദിവസം കൊണ്ട് 1,200-ലധികം കെട്ടിടങ്ങൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. ന്യൂഡൽഹിയിലെ ഹസ്‌റത്ത് നിസാമുദ്ദീനിലെ സരായ് കാലെ ഖാനില്‍ സ്ഥിതി ചെയ്യുന്ന ഫൈസിയാബ് മസ്ജിദും മദ്‌റസയും പൊളിച്ചുമാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
ഇത്തരത്തിൽ കലാപങ്ങളും കൊലപാതകങ്ങളും ഇടിച്ചുനിരത്തലും തുടരുമ്പോഴും മുസ് ലീങ്ങൾ ഈ രാജ്യത്തെ പൗരരാണെന്നും അവരെ അന്യായമായി വേട്ടയാടാൻ അനുവദിക്കില്ലെന്നും പറയാനുള്ള ആർജ്ജവം പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയോ ഇന്ത്യ മുന്നണിയിലെ നേതാക്കളോ കാണിച്ചിട്ടില്ല. മോദി സർക്കാരിന്റെ രണ്ടാഴ്ചക്കാലത്തെ ഭരണ വൈകല്യങ്ങളുടെ ലിസ്റ്റിൽ പോലും കോൺഗ്രസ് ഈ കാര്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. മുൻകാലങ്ങളിൽ നടത്തിയതിനേക്കാൾ ഭീരുത്വമാർന്ന ഒളിച്ചോട്ടമാണ് പ്രതിപക്ഷം ഇപ്പോൾ നടത്തുന്നത്.
ഹിന്ദുത്വ ഭീകരതയുടെ ഇരകളായ മുസ് ലീം മത ന്യൂനപക്ഷങ്ങൾക്ക് തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനങ്ങൾ അപ്പാടെ മറന്നുകൊണ്ട് വർഗീയ അതിക്രമങ്ങളോട് സമരസപ്പെടാനുള്ള ഈ സമീപനം അംഗീകരിക്കാനാവില്ല. തിരഞ്ഞെടുപ്പ് ഫലം വന്ന വേളയിലും സത്യപ്രതിജ്ഞ ചടങ്ങിലും ഭരണഘടന ഉയർത്തിക്കാട്ടിയാണ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ സംസാരിച്ചത്. ആ ഭരണഘടനയോട് നീതിപുലർത്താൻ പ്രതിപക്ഷം തയാറാകണം.
സാമ്പ്രദായിക പാർട്ടികളിൽ പ്രതീക്ഷ അർപ്പിച്ച് രാഷ്ട്ര സുരക്ഷ തേടുന്നതിനേക്കാൾ ഇരകളാക്കപ്പെടുന്ന ജനത രാഷ്ട്രീയമായി മുന്നേറ്റം നടത്തുകയാണ് അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ഏക പരിഹാരമെന്നും സംഘപരിവാർ ഭീകരതക്ക് ഇരയായ കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.