തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണവും വിജയ ശതമാനവും കുറഞ്ഞെങ്കിലും ജയിച്ചവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം പരീക്ഷയെഴുതിയ 4,21,887 ൽ 4,19,651 പേരാണ് ഉപരിപഠന യോഗ്യത നേടിയതെങ്കിൽ ഇത്തവണ 4,26,469 ൽ 423303 പേർ ജയിച്ചു. ജയിച്ചവർ 3652 പേർ കൂടുതലായതിനാൽ പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി ഈ വർഷവും തുടരും.
കഴിഞ്ഞ വർഷം 30 ശതമാനം വരെ ആനുപാതിക വർധന വരുത്തിയിട്ടും സീറ്റ് ക്ഷാമം തീർക്കാനായില്ല. തുടർന്ന് വടക്കൻ ജില്ലകളിൽ 79 താൽക്കാലിക ബാച്ച് കൂടി അനുവദിച്ചിരുന്നു. സീറ്റ് വർധനയും താൽക്കാലിക ബാച്ചും കഴിഞ്ഞ വർഷത്തേക്ക് മാത്രമുള്ള ക്രമീകരണമായതിനാൽ ഈ വർഷം പ്ലസ് വൺ പ്രവേശനത്തിനുള്ള സീറ്റിൽ മാറ്റമില്ല. 4,23,303 പേർ ജയിച്ചപ്പോൾ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി ലഭ്യമായ പ്ലസ് വൺ സീറ്റ് 3,61,307 ആണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ഏകജാലക പ്രവേശനത്തിനുള്ള മെറിറ്റ് സീറ്റ് 2,39,551 മാത്രമാണ്. ശേഷിക്കുന്നവ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ട സീറ്റുകളും അൺ എയ്ഡഡ് സീറ്റുമാണ്.
അൺ എയ്ഡഡ് സ്കൂളുകളിൽ വൻ തുക ഫീസ് നൽകേണ്ടിവരുന്നതിനാൽ പകുതിയോളം സീറ്റും ഒഴിഞ്ഞുകിടക്കാറാണ് പതിവ്. സി.ബി.എസ്.ഇയിൽ പഠിച്ച 30757 പേരും ഐ.സി.എസ്.ഇയിൽ പഠിച്ച 3303 പേരും മറ്റ് സ്റ്റേറ്റ് സിലബസുകളിൽ പഠിച്ച 9178 പേരും കഴിഞ്ഞ വർഷം പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചിരുന്നു. ഇതുകൂടി ചേരുമ്പോൾ അപേക്ഷകരുടെ എണ്ണം അഞ്ചു ലക്ഷത്തോടടുക്കും.
സീറ്റ് വർധനയിലും അധിക ബാച്ച് അനുവദിക്കുന്നതിലും തീരുമാനം വൈകിയാൽ വടക്കൻ ജില്ലകളിൽ ഉൾപ്പെടെ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനത്തിന് നെട്ടോട്ടത്തിലാകും.
കഴിഞ്ഞ വർഷം 79 താൽക്കാലിക ബാച്ച് അനുവദിച്ച് ഉത്തരവിറങ്ങിയത് ഡിസംബർ 13നാണ്. അപ്പോഴേക്കും പലരും ഓപൺ സ്കൂളിൽ ഉൾപ്പെടെ പ്രവേശനം നേടിയിരുന്നു.
മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പ്രധാനമായും സീറ്റിന് ക്ഷാമം നേരിടാറുള്ളത്. മലപ്പുറത്ത് 77,691 പേർ എസ്.എസ്.എൽ.സി ജയിച്ചപ്പോൾ അൺ എയ്ഡഡിൽ ഉൾപ്പെടെ 53225 സീറ്റാണുള്ളത്. എന്നാൽ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ സീറ്റ് ഒഴിഞ്ഞുകിടക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.