തിരുവനന്തപുരം: സെക്രേട്ടറിയറ്റിൽ ഫയലുകളുടെ മെല്ലപ്പോക്കിൽ രണ്ടു മാസമായിട്ടും പുനർനിയമനവും ഉദ്യോഗക്കയറ്റവും മുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഒടുവിൽ ഉത്തരവിറങ്ങി. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് ചൊവ്വാഴ്ച ഉത്തരവിറങ്ങിയത്.
സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി മുതൽ അഡീഷണൽ സെക്രട്ടറി വരെയുള്ള ഉന്നത പോസ്റ്റുകളിൽ അമ്പതിലധികം പേരെ നിയമിച്ചു.
പൊതുഭരണ വകുപ്പാണ് ഉദ്യോഗസ്ഥരുടെ പ്രമോഷനും ട്രാൻസ്ഫറും ഉൾക്കൊള്ളിച്ച് ഉത്തരവിറക്കിയത്. ഇതിൽ രണ്ട് അഡീഷനൽ സെക്രട്ടറിമാരെ സ്പെഷൽ സെക്രട്ടറിമാരായി പ്രമോട്ട് ചെയ്തു. ജോയൻറ് സെക്രട്ടറിമാരായിരുന്ന ആറുപേരെ പ്രമോട്ട് ചെയ്ത് അഡീഷനൽ സെക്രട്ടറിമാരായി നിയമിച്ചു. മൂന്നുപേരെ മാറ്റി നിയമിക്കുകയും ചെയ്തു. ഇതിൽ കഴിഞ്ഞ മാർച്ചിൽ റിപ്പോർട്ട് ചെയ്തവരും ഉൾപ്പെടുന്നു. ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന ഒമ്പതുപേരെ ജോയൻറ് സെക്രട്ടറിമാരായി പ്രമോട്ട് ചെയ്ത് നിയമിച്ചു.
ഒമ്പത് ജോയൻറ് സെക്രട്ടറിമാരെ മാറ്റി നിയമിക്കുകയും ചെയ്തു. ഇതിൽ കഴിഞ്ഞമാസം ലീവ് കഴിഞ്ഞ് റിപ്പോർട്ട് ചെയ്തവരുമുണ്ട്. അണ്ടർ സെക്രട്ടറിയായിരുന്ന ഒരാളെ ഡെപ്യൂട്ടി സെക്രട്ടറിയായി പ്രമോട്ട് ചെയ്യുകയും രണ്ടുപേരെ മാറ്റി നിയമിക്കുകയും ചെയ്തു. അണ്ടർ സെക്രട്ടറിമാരായ 14പേരെ വിവിധ പോസ്റ്റുകളിൽ മാറ്റി നിയമിച്ചു. ഇവരിൽ ഭൂരിഭാഗം പേരും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിവിധ ഡെപ്യൂട്ടേഷൻ കഴിഞ്ഞ് എത്തിയവരും ലീവ് കഴിഞ്ഞ് റിപ്പോർട്ട് ചെയ്തവരുമായിരുന്നു. ജോലി ചെയ്യാതെ ലക്ഷക്കണക്കിന് രൂപയാണ് ഇവർക്ക് ശമ്പളയിനത്തിൽ നൽകിയത്. ഇവരെ നിയമിക്കേണ്ട പോസ്റ്റുകൾ മാസങ്ങളായി ഒഴിഞ്ഞുകിടന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ മെല്ലെപ്പോക്കാണ് ലക്ഷങ്ങൾ നഷ്ടം ഉണ്ടാകാൻ ഇടയായത്. പ്രമോഷൻ ലഭിക്കേണ്ട തസ്തികകളിൽ ആളില്ലാതിരിക്കുകയും എന്നാൽ, ഇവർക്ക് പ്രമോഷൻ ലഭിക്കേണ്ട തസ്തികയിലെ ശമ്പളം നൽകുകയും ചെയ്തു.
ഇതുസംബന്ധിച്ച് ആദ്യം അയച്ച ഫയൽ മുഖ്യമന്ത്രിയുടെ ഒാഫിസ് തിരിച്ചയച്ചു. പിന്നീട് ഏപ്രിൽ മാസത്തിലെ റിട്ടയർമെൻറ് തസ്തികകൾ കൂടി ഉൾപ്പെടുത്തി അയച്ച ഫയലിലാണ് നടപടി വൈകിയത്. മുഖ്യമന്ത്രിയുടെ ഒാഫിസിനെ സമീപിച്ച് പ്രശ്നം പരിഹരിക്കാൻ ഭരണപക്ഷ സംഘടനകൾ വരെ ഭയന്നതോടെയാണ് ഉത്തരവ് അനന്തമായി വൈകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.