തിരുവനന്തപുരം: ഹൈകോടതി ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളിയതോടെ സ്വാശ്രയ മെഡിക്കൽ വിദ്യാർഥികളും രക്ഷാകർത്താക്കളും ആശങ്കയിൽ. കോടതിയോ കോടതി നിശ്ചയിക്കുന്ന സമിതിയോ തീരുമാനിക്കുന്ന ഫീസ് വിദ്യാർഥികൾ ഒടുക്കാൻ ബാധ്യസ്ഥരായിരിക്കുമെന്നായിരുന്നു ഹൈകോടതി ഉത്തരവ്.
ഇതുപ്രകാരം കോളജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് വരെ ഒടുക്കാൻ തയാറാണെന്ന് പ്രവേശനം നേടുന്ന വിദ്യാർഥികൾ സത്യവാങ്മൂലം നൽകണമെന്നും നിർദേശിച്ചിരുന്നു.
മെഡിക്കൽ പ്രവേശനത്തിെൻറ ഒന്നും രണ്ടും അലോട്ട്മെൻറുകളിൽ വിദ്യാർഥികളിൽനിന്ന് കോളജുകൾ സത്യവാങ്മൂലം ഒപ്പിട്ടുവാങ്ങിയിട്ടുണ്ട്. അപ്പീൽ തള്ളിയതോടെ സത്യവാങ്മൂലം കുരുക്കാകുമോ എന്ന ആശങ്കയിലാണ് വിദ്യാർഥികളും രക്ഷാകർത്താക്കളും. ഇക്കാര്യത്തിൽ ഇനി ഹൈകോടതി നിലപാട് നിർണായകമാകും.
ഫീസ് നിർണയസമിതി നിശ്ചയിച്ച ഫീസ് ഘടനക്കെതിരെ മാനേജ്മെൻറുകൾ നൽകിയ രണ്ട് ഹരജികളിലും ഹൈകോടതി ഉത്തരവ് സർക്കാർ നിലപാടിനെതിരായിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമർപ്പിച്ചത്. ക്രിസ്ത്യൻ മാനേജ്മെൻറിന് കീഴിെല നാല് കോളജുകൾ ഒഴികെ സ്വാശ്രയ കോളജുകൾ 11 ലക്ഷം മുതൽ 20.7 ലക്ഷം രൂപയാണ് ഫീസായി ആവശ്യപ്പെട്ടത്. നിലവിൽ 6.33 ലക്ഷം മുതൽ 7.65 ലക്ഷം രൂപ വരെയാണ് ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ്. നിലവിലെ സാഹചര്യം വിദ്യാർഥികളും രക്ഷാകർത്താക്കളും ആശങ്കയോടെയാണ് കാണുന്നത്.
സുപ്രീംകോടതി അപ്പീൽ തള്ളിയതോടെ ഹൈകോടതിയിെല കേസിൽ തുടർനടപടി വൈകാതെയുണ്ടാകും. ഫീസ് വർധിക്കില്ലെന്ന വിശ്വാസത്തിലാണ് വിദ്യാർഥികൾ സത്യവാങ്മൂലം നൽകി പ്രവേശനം നേടിയത്.
ഹൈകോടതിയിൽനിന്ന് പ്രതികൂല വിധിയുണ്ടായാൽ മെഡിക്കൽ പ്രവേശനത്തിൽ വൻ പ്രതിസന്ധിയുണ്ടാകും. സർക്കാറിനും തലവേദനയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.