കൊച്ചി: ഫീസുമായി ബന്ധപ്പെട്ട് വ്യക്തിഗത സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെൻറുകളുമായി സർക്കാറിന് കരാറിലേർപ്പെടാമെന്ന കേരള മെഡിക്കല്‍ വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥ ഹൈകോടതി അസാധുവാക്കി. സ്വാശ്രയ മെഡിക്കൽ പ്രവേശനഫീസ് നിർണയിക്കാനുള്ള അധികാരം സർക്കാർ രൂപം നൽകിയ ഫീസ് നിയന്ത്രണ സമിതിക്കാണെന്ന നിയമത്തിലെ പ്രധാന വ്യവസ്ഥ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് ശരിവെച്ചു. 2017ലെ കേരള മെഡിക്കൽ വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥകൾ ചോദ്യംചെയ്ത് സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെൻറുകൾ നൽകിയ ഹരജിയിലാണ് വിധി. ഫീസ് നിർണയ നടപടിക്രമങ്ങളുടെ സമയക്രമവും കോടതി പുറപ്പെടുവിച്ചു.
സ്വാശ്രയ മാനേജ്മെൻറുകൾ ഇൗടാക്കാൻ ഉദ്ദേശിക്കുന്ന ഫീസ് സംബന്ധിച്ച ശിപാർശ സമിതിക്ക് നൽകണം. ഇത്രയും ഫീസ് ഇൗടാക്കാനുള്ള സാഹചര്യങ്ങളടക്കം വ്യക്തമാക്കുന്ന രേഖകളും സമർപ്പിക്കണം. ന്യായമായ ലാഭം മാനേജ്മെൻറുകൾക്ക് ലഭിക്കുന്ന തരത്തിൽ സമിതിക്ക് അന്തിമ ഫീസ് നിശ്ചയിക്കാം. സുപ്രീംകോടതിയിൽനിന്നോ ഹൈകോടതിയിൽനിന്നോ വിരമിച്ച ജഡ്ജി ചെയർപേഴ്സനായി രൂപം നൽകുന്ന പത്തംഗ വിദഗ്ധ ഫീസ് നിർണയസമിതിയുടെ രൂപവത്കരണം സംബന്ധിച്ച സെക്ഷൻ 3(2) - പുനഃപരിശോധിക്കണം. സമിതി യോഗം ചേരാൻ േക്വാറം നാലംഗങ്ങളായിരിക്കണമെന്ന വകുപ്പ് ഒഴിവാക്കണം.
അന്തിമഫീസ് നിർണയിക്കാൻ താമസമുണ്ടായാൽ സമിതിക്ക് താൽക്കാലിക ഫീസ് നിശ്ചയിക്കാമെന്നും 90 ദിവസത്തിനുള്ളിൽ അന്തിമഫീസ് നിശ്ചയിക്കണമെന്നുമുള്ള സെക്ഷൻ 8(1)(ബി) നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, ഇൗ അധ്യയനവർഷം താൽക്കാലിക ഫീസ് നിശ്ചയിച്ചുപോയ സാഹചര്യത്തിൽ മറ്റ് ഉത്തരവുകൾ പുറപ്പെടുവിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
സർക്കാർ അപ്പീലിന്
കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളജ് ഫീസുമായി ബന്ധപ്പെട്ട് വ്യക്തിഗത മാനേജ്മെൻറുകളുമായി കരാര്‍ ഒപ്പിടാന്‍ സര്‍ക്കാറിനെ അധികാരപ്പെടുത്തുന്ന മെഡിക്കൽ വിദ്യാഭ്യാസ നിയമത്തിലെ വകുപ്പ് ഹൈകോടതി അസാധുവാക്കിയതിനെതിരെ സർക്കാർ അപ്പീൽ നൽകിയേക്കും. ഇക്കാര്യം സുപ്രീംകോടതി മുമ്പാകെ അവതരിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അപ്പീൽ കാര്യം സര്‍ക്കാറുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അഡ്വക്കറ്റ് ജനറൽ അറിയിച്ചു.
സ്വാശ്രയ ഫീസ് നിർണയം: നടപടി മാർച്ചിൽ പൂർത്തിയാക്കണം–കോടതി
കൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട ഫീസ് നിർണയമുൾപ്പെടെ നടപടികൾ മാർച്ച് 15നകം പൂർത്തിയാക്കണമെന്ന് ഹൈകോടതി. അടുത്ത അധ്യയനവർഷം മുതൽ പ്രവേശന നടപടി സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് സമയക്രമം നിർണയിച്ച് ഉത്തരവിട്ടത്. നവംബറിൽ തുടങ്ങിയ നിയമ നടപടികളടക്കം മാർച്ച് 15ഒാടെ പൂർത്തിയാക്കണമെന്നാണ് നിർദേശം. തുടർന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിെൻറ നിർദേശങ്ങൾക്കനുസരിച്ച് പ്രവേശന നടപടിയുമായി മുന്നോട്ടുപോകണം.
പുതിയ സമയക്രമം അനുസരിച്ച് സ്വാശ്രയ മാനേജ്മെൻറുകൾ ഫീസ് ശിപാർശയും രേഖകളും നവംബർ 15ന് മുമ്പ് ഫീസ് നിർണയ സമിതിക്ക് നൽകണം. മറ്റെന്തെങ്കിലും രേഖകൾ ആവശ്യമുണ്ടെങ്കിൽ ഡിസംബർ 15നകം മാനേജ്മെൻറുകളോട് സമിതി ആവശ്യപ്പെടണം. ഇൗ രേഖകൾ മാനേജ്മെൻറുകൾ ഡിസംബർ 30നകം നൽകണം. ഫെബ്രുവരി 15നകം സമിതി അന്തിമ ഫീസ് നിർണയിക്കണം. തർക്കങ്ങളും നിയമ നടപടികളുമുൾപ്പെടെ പൂർത്തിയാക്കി മാർച്ച് 15നകം ഫീസ് നിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.