തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് സീറ്റുകളിലെ ഫീസ് ഘടന സംബന്ധിച്ച് മാനേജ്മെൻറുകളുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ നടത്തിയ ചർച്ച പരാജയം. അഞ്ചു ലക്ഷം രൂപ ഏകീകൃത ഫീസാണ് സർക്കാർ മാനേജ്മെൻറുകൾക്ക് മുന്നിൽവെച്ച പരമാവധി ഫീസ്. ഇതിന് പുറമെ 20 ശതമാനം സീറ്റുകളിൽ നിർധന വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകണമെന്നും ചർച്ചയിൽ നിർദേശമുയർന്നു. എന്നാൽ, ഇത് അംഗീകരിക്കാനാവില്ലെന്ന് മാനേജ്മെൻറ് അസോസിയേഷൻ നിലപാടെടുത്തു. 85 ശതമാനം സീറ്റുകളിലേക്ക് 15 ലക്ഷം രൂപയും 15 ശതമാനം എൻ.ആർ.െഎ സീറ്റിൽ 20 ലക്ഷം രൂപയുമാണ് മാനേജ്മെൻറ് അസോ. മുന്നോട്ടുവെച്ച ഏകീകൃത ഫീസ്.
സ്കോളർഷിപ്പോ സബ്സിഡിയോ അനുവദിക്കാനാകില്ലെന്നും അവർ പറഞ്ഞു. സമീപകാലത്ത് ആരംഭിച്ച മെഡിക്കൽ കോളജുകൾക്ക് നടത്തിപ്പ് ചെലവ് കൂടുതലാണെന്നും ഫീസ് ഘടന നിശ്ചയിക്കുേമ്പാൾ ഇത് പരിഗണിക്കണമെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, ഇത്ര ഉയർന്ന ഫീസ് അനുവദിക്കാനാകില്ലെന്നും ഫീസ് കുറക്കാൻ തയാറാകണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.
ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെൻറ് അസോസിയേഷനുമായുള്ള ഫീസ് നിർണയ ചർച്ചക്കുശേഷം ഇക്കാര്യത്തിൽ തുടർനടപടി എടുക്കാമെന്നും മന്ത്രി പറഞ്ഞു. തുടർചർച്ചകൾ ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്താമെന്നും പറഞ്ഞു.
എന്നാൽ, ഫീസ് ഘടന സംബന്ധിച്ച സർക്കാർ നിർദേശം പ്രായോഗികമെല്ലന്നും കോളജുകൾ പൂേട്ടണ്ടിവരുമെന്നും മാനേജ്മെൻറ് അസോ. പ്രസിഡൻറ് കെ.എം. നവാസും സെക്രട്ടറി വി. അനിൽകുമാറും പറ ഞ്ഞു. അസോസിയേഷന് കീഴിലുള്ള കോളജുകൾ ഇതിനകം ഫീസ് നിർണയത്തിനായി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിക്ക് വരവ് ചെലവ് കണക്കുകൾ സമർപ്പിച്ചിട്ടുണ്ട്. ന്യായമായ ഫീസ് കമ്മിറ്റി നിശ്ചയിച്ചുതന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അസോ. ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.