കൊച്ചി: എൻജിനീയറിങ്, മെഡിക്കൽ ഒഴികെയുള്ള പുതിയ കോളജുകൾ സ്വാശ്രയ മേഖലയിൽ തുടങ്ങാൻ സഹകരണ സ്ഥാപനങ്ങൾക്കുമാത്രം അനുമതി നൽകുന്ന സർക്കാർ ഉത്തരവിലെ ഭാഗം ഹൈകോടതി റദ്ദാക്കി. വിദ്യാഭ്യാസരംഗത്ത് മുൻപരിചയമുള്ളതും മികച്ച സാമ്പത്തിക സ്ഥിതിയുള്ളതുമായ സഹകരണ സ്ഥാപനങ്ങൾക്കുമാത്രം പുതിയ കോളജുകൾ തുടങ്ങാൻ അനുമതി നൽകാമെന്ന 2020 ആഗസ്റ്റ് 20ലെ സർക്കാർ ഉത്തരവിലെ ഈ ഭാഗമാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ റദ്ദാക്കിയത്.
ഉത്തരവിെൻറ അടിസ്ഥാനത്തിൽ പുതിയ കോളജുകൾ തുടങ്ങാൻ സഹകരണ സ്ഥാപനങ്ങളിൽനിന്നുമാത്രം അപേക്ഷ ക്ഷണിച്ച് 2020 നവംബർ 30ന് പുറപ്പെടുവിച്ച കണ്ണൂർ സർവകലാശാല വിജ്ഞാപനം ചോദ്യം ചെയ്ത് മലബാർ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
സഹകരണമേഖലയിൽ മാത്രം പുതിയ കോളജുകൾ അനുവദിച്ചാൽ മതിയെന്നത് നയപരമായ തീരുമാനമാണെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, ഇത്തരം വേർതിരിവ് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെയും തൊഴിലവകാശത്തിെൻറയും ലംഘനമാണെന്ന് കോടതി വിലയിരുത്തി. സർവകലാശാലകളുടെ അധികാരം മറികടന്ന് സർക്കാർ ഇടപെടുന്നത് ഉചിതമല്ലെന്നും ഇങ്ങനെ ഇടപെടുന്നത് നിയമപരമല്ലെന്നും ഹൈകോടതി ഉത്തരവുകൾ ഉദ്ധരിച്ച് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്നാണ് സർക്കാർ ഉത്തരവിലെ സഹകരണമേഖലക്ക് മാത്രമെന്ന ഭാഗവും ഇതനുസരിച്ചുള്ള കണ്ണൂർ സർവകലാശാല വിജ്ഞാപനവും റദ്ദാക്കിയത്. രണ്ടാഴ്ചക്കകം പുതിയ കോളജിന് അപേക്ഷ നൽകാൻ ഹരജിക്കാരോട് ആവശ്യപ്പെട്ട കോടതി, ഇത് നിയമപരമായി പരിഗണിച്ച് തീരുമാനമെടുക്കാൻ സർവകലാശാലക്കും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.