ഷാരോൺ വധക്കേസ്: നിർണായക ആവശ്യവുമായി ഗ്രീഷ്മ അടക്കമുള്ള പ്രതികൾ ഹൈകോടതിയിൽ

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികൾ നൽകിയ ഹരജി ഹൈകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. ഗ്രീഷ്മ, ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാരൻ എന്നിവരാണ് കേസിലെ പ്രതികൾ. അപേക്ഷ കീഴ് കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈകോടതിയെ സമീപിച്ചത്.

ഒക്ടോബർ 14നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വെച്ച് ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ജീവനായി ദിവസങ്ങളോളം ആശുപത്രിയിൽ പൊരുതിയ ഷാരോൺ ഒക്ടോബർ 25ന് മരണത്തിന് കീഴടങ്ങി.

നെയ്യൂരിലെ സ്വകാര്യ കോളജിൽ ബി.എസ്‌.സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയായിരുന്ന ഷാരോൺ രാജ് ഒരു ബസ് യാത്രക്കിടെയാണ് ഗ്രീഷ്മയെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി.മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചത്.

ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ എന്നിവരും കേസിൽ പ്രതിയാണ്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പൊലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും പ്രതി ചേർത്തത്.

അതേസമയം, ഷാരോണിന്റെ മരണമൊഴിയിൽ പോലും ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിവായിരുന്നു. പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമായിരുന്നു ഞെട്ടിക്കുന്ന കണ്ടെത്തൽ.

Tags:    
News Summary - Sharon murder case: Accused with crucial demand in High Court, plea will be heard today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.