കൂസാതെ തരൂർ; ആശങ്കയോടെ നേതൃത്വം

തിരുവനന്തപുരം: പാർട്ടിയുടെ മുന്നറിയിപ്പും നേതാക്കളുടെ കടന്നാക്രമണവും ഗൗനിക്കാതെ മുന്നോട്ടുപോകാനുറപ്പിച്ച് ശശി തരൂർ. വിമർശനങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകിയും സമുദായ നേതാക്കളുമായി തുടങ്ങിവെച്ച കൂടിക്കാഴ്ചകൾക്ക് മാറ്റം വരുത്താതെയുമാണ് തരൂരിന്‍റെ നീക്കം. സംസ്ഥാന-ദേശീയ നേതാക്കൾ നൽകിയ മുന്നറിയിപ്പ് വകവെക്കാതെയുള്ള തരൂരിന്‍റെ നീക്കത്തിൽ കോണ്‍ഗ്രസിൽ ആശയക്കുഴപ്പവും ആശങ്കയും ഉടലെടുത്തിട്ടുണ്ട്. ലോക്സഭ സ്ഥാനാർഥിത്വത്തിൽ സ്വയംതീരുമാനമെടുക്കുന്നതിനെതിരെ കഴിഞ്ഞദിവസം നടന്ന കോൺഗ്രസ് നേതൃയോഗങ്ങളിൽ കടുത്ത വിമർശനം ഉയർന്നതിനെ തുടർന്ന് അക്കാര്യത്തിൽ നേതാക്കൾക്ക് പാർട്ടി മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ അതൊന്നും അംഗീകരിക്കാനോ വഴങ്ങാനോ തരൂർ തയാറല്ല. സമുദായനേതാക്കളുമായുള്ള കൂടിക്കാഴ്ച തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. നാട്ടുകാര്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നതിനാലാണ് കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിക്കുന്നതെന്നും ഈ പരിപാടികള്‍ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിസ്ഥാനത്തിന് കോട്ട് തയ്ച്ചവർ അത് അഴിച്ചുവെക്കണമെന്ന് തരൂരിനെ ഉന്നമിട്ട് കഴിഞ്ഞദിവസം രമേശ് ചെന്നിത്തല നടത്തിയ വിമർശനത്തിന് അതേനാണയത്തിൽ തരൂർ മറുപടിയും നല്‍കി. മുതിർന്ന നേതാക്കളുടെ വിമർശനങ്ങളോട് ആദ്യകാലത്ത് കാട്ടിയ നിശ്ശബ്ദ സമീപനം തുടരില്ലെന്ന സൂചനയാണ് തരൂർ നൽകുന്നത്. വിവിധ കോണുകളിൽ നിന്ന് തനിക്ക് ലഭിക്കുന്ന സ്വീകാര്യത പരമാവധി പ്രയോജനപ്പെടുത്താനാണ് തരൂരിന്‍റെ ശ്രമം. തങ്ങളുടെ രാഷ്ട്രീയമോഹങ്ങളിൽ കരിനിഴൽ വീഴ്ത്തുന്ന ഈ സ്വീകാര്യതയിലാണ് മറ്റ് നേതാക്കൾ അസ്വസ്ഥരാകുന്നത്. അത്തരം അസ്വസ്ഥതകളെ ഗൗനിക്കേണ്ട കാര്യമില്ലെന്ന് തരൂർ കരുതുന്നു.

അതേസമയം, തരൂരിന്‍റെ ലക്ഷ്യത്തെപ്പറ്റി കോൺഗ്രസ് നേതാക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ട്. മുഖ്യമന്ത്രി പദം മുന്നിൽക്കണ്ടാണ് അദ്ദേഹത്തിന്‍റെ നീക്കമെന്ന് ഒരു വിഭാഗം കരുതുമ്പോൾ സ്വന്തം സംസ്ഥാനത്തെ ജനസ്വീകാര്യത ദേശീയനേതൃത്വത്തെ ബോധ്യപ്പെടുത്തി ഉടൻ വരാൻപോകുന്ന പാർട്ടി പ്രവർത്തകസമിതി പുനഃസംഘടനയിൽ സ്ഥാനം ഉറപ്പിക്കുകയാണെന്ന് കരുതുന്നവരും ഉണ്ട്. 

Tags:    
News Summary - Shashi Tharoor avoid party's warning and attack by the leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.