കോഴിക്കോട്: ഹമാസ് ഭീകരവാദികൾ എന്ന ശശി തരൂർ എം.പിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി. തരൂരിന്‍റെ പരാമർശത്തെ അവജ്ഞയോടെ തള്ളുന്നുവെന്ന് നാസർ ഫൈസി കൂടത്തായി ഫേസ്ബുക്കിൽ കുറിച്ചു. ഇസ്രയേലിനേക്കാൾ ധാർമിക അംഗീകാരമുള്ള ഭരണകൂടമാണ് ഗസയിലെ ഹമാസ്. തരൂരിന് എം.കെ. മുനീർ കൃത്യമായ മറുപടി കൊടുത്തത് അഭിനന്ദനീയമാണെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി.
മുസ്ലിം ലീഗ് ഐക്യദാർഢ്യറാലി ഗംഭീരം, ശരി തരൂരിനോട് വിയോജിക്കുന്നു.
ഇന്ന് (ഒക്: 26) മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി ലോകത്ത് നടന്നതിൽ ഏറ്റവും ശ്രദ്ധേയമാണ്. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രാർഥന ഏറ്റവും അനുഗ്രഹീതമാണ്. ലക്ഷങ്ങളാൽ സൂറത്തുൽ ഫാതിഹ:യും ഇഖ്ലാസും, മുഅവ്വിദത്തെനിലും ഓതി മഹാൻമാരെ തവസ്സുൽ ചെയ്ത് ഫലസ്തീനിലെ ശുഹദാക്കൾക്കും ജനതക്കും വേണ്ടി നടത്തിയ പ്രാർത്ഥന കൃത്യവും അനുഗ്രഹീതവുമായി. പ്രഭാഷണങ്ങളെല്ലാം പ്രമേയത്തെ കേന്ദ്രീകരിച്ചു.
വിശ്വ പൗരനായ ശശി തരൂരിന്‍റെ പ്രഭാഷണത്തിൽ എന്തൊക്കെ ഇസ്രയേൽ വിരുദ്ധത പറഞ്ഞിട്ടുണ്ടെങ്കിലും ഗസയിലെ ഹമാസിന്‍റെ പോരാളികളെ ഭീകരവാദികൾ എന്ന് വിശേഷിപ്പിച്ചതിൽ ശക്തമായ പ്രതിഷേധമുണ്ട്. ഒക്: 7 ന് ഹമാസിന്‍റെ പോരാട്ടം ശൂന്യതയിൽ നിന്നുണ്ടായതല്ല പൊറുതിമുട്ടിയപ്പോൾ ആഞ്ഞടിച്ചതാണെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടറീസ് ഇന്നലെയാണ് പറഞ്ഞത് എന്ന് തരൂരിനറിയാലോ. ഇസ്രയേലിനേക്കാൾ ധാർമ്മിക അംഗീകാരമുള്ള ഒരു ഭരണകൂടം തന്നെയാണ് ഗസയിലെ ഹമാസ്. അവരെങ്ങിനെ ഭീകരവാദികളാകുന്നത്?
സദസ്സും സംഘാടകരും ഹമാസിനെ ഭീകരവാദികളായി കാണുന്നില്ലെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് "വിശ്വ പൗരന്‍റെ" സങ്കുചിത മനസ്സ് പുറത്ത് കാട്ടിയത്.
ഡോ. എം.കെ. മുനീർ സാഹിബ് എം.എൽ.എ കൃത്യമായ് തന്നെ മറുപടി കൊടുത്തത് അഭിനന്ദനീയവുമാണ്. ഒരു അഥിതിയെ മാനിച്ച് ശശിയുടെ പേര് പറഞ്ഞില്ലെങ്കിലും നീതിക്ക് വേണ്ടി പൊരുതുന്ന ഹമാസിനെ ആര് ഭീകരവാദമാക്കിയാലും അത് തെറ്റാണ് അവരുടെ സമരം സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഇസ്രയേലാണ് ഭീകരവാദി എന്ന് വ്യക്തമാക്കി തന്നെ മുനീർ സാഹിബ് പറഞ്ഞത് കരഘോഷങ്ങളാൽ സദസ് ഏറ്റെടുത്തതിലൂടെ ശശി തരൂരിന് മറുപടി കൊടുക്കാനായ സായൂജ്യമാണ് സദസും വിളിച്ച് പറഞ്ഞത്.
ശശി തരൂരിന്‍റെ എല്ലാ യോഗ്യതകളും അംഗീകരിച്ചു കൊണ്ട് തന്നെ അദ്ദേഹത്തെ പരാമർശത്തെ അവജ്ഞയോടെ തള്ളുന്നു.
നാസർ ഫൈസി കൂടത്തായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.