കാസർകോട്: സർക്കാറിന്റെ സഹായത്തിന് കാത്തുനിൽക്കാതെ തച്ചങ്ങാടെ ഷിബിൽ ഷക്കീൽ (28) വിടവാങ്ങി. എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഷിബിൽ ഷക്കീൽ ജന്മനാ കിടപ്പിലായിരുന്നു. വിദഗ്ധ ചികിത്സപോലും ലഭിക്കാതെയാണ് ഷിബിൽ മരണത്തിന് കീഴടങ്ങിയതെന്ന് പറയുന്നു. സഹോദരൻ മുഹമ്മദ് അജ്സലും എൻഡോസൾഫാൻ ദുരിതബാധിതനാണ്.
എൻഡോസൾഫാൻ പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്ന 1031 ദുരിതബാധിതർക്ക് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി സഹായം നൽകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ പ്രഖ്യാപിച്ചെങ്കിലും ഓണത്തിനുപോലും ഇതിൽ നടപടികളൊന്നുമുണ്ടായില്ല. ‘മാധ്യമം’ ഇതുസംബന്ധിച്ച് തിരുവോണനാളിൽ വാർത്തയും നൽകിയിരുന്നു. 2017ൽ നടത്തിയ പ്രത്യേക മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തിയതാണ് 1031 പേരെ. ദുരിതബാധിതർക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് എഡോസൾഫാൻ പീഡിത ജനകീയ മുന്നണി ഭാരവാഹികൾ പറഞ്ഞു.
ഇനിയും ഇരകളുടെ മരണത്തിന് കാത്തുനിൽക്കാതെ ആവശ്യമായ ചികിത്സയും സഹായവും മറ്റുള്ളവർക്കെങ്കിലും അടിയന്തരമായി ലഭ്യമാക്കാനുള്ള നടപടികളാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. ഷിബിൽ ഷക്കീലിന്റെ പിതാവ്: ഷബീർ. മാതാവ്: ജമീല. സഹോദരങ്ങൾ: മുഹമ്മദ് അജ്സൽ, മുഹമ്മദ് ഷബീബ്, ഫാത്തിമത്ത് ഷിബില, ആയിഷത്ത് ഷർമീള.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.