ഗംഗാവലി പുഴയിൽനിന്ന് വീൽ ജാക്കി കണ്ടെത്തി; അർജുൻ ഓടിച്ച ലോറിയിലേതെന്ന് വാഹന ഉടമ

അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ലോറിയിലുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. മാൽപെ സംഘം ഗംഗാവലി പുഴയിലിറങ്ങി നടത്തിയ തിരച്ചിലിനിടെയാണ് ജാക്കി ലഭിച്ചത്. കണ്ടെത്തിയ ഭാഗം തന്‍റെ വാഹനത്തിലേതു തന്നെയാണെന്ന് ലോറി ഉടമ മനാഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.

കരയിൽനിന്ന് പത്ത് മീറ്റർ അകലെ നിന്നാണ് ജാക്കി കണ്ടെത്തിയത്. പുതിയ ഹൈഡ്രോളിക് ജാക്കിയാണ് ലോറിയിൽ ഉണ്ടായിരുന്നതെന്നും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് അർജുൻ ഓടിച്ച ലോറിയുടെ ഭാ​ഗമാകാനാണ് എൺപത് ശതമാനവും സാധ്യതയെന്നും ലോറി ഉടമ മനാഫ് പറഞ്ഞു. കാണാതായ ടാങ്കർ ലോറിയുടേത് അല്ലെന്നും മനാഫ് പറഞ്ഞു.

ഗം​ഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് മാൽപെ സംഘം പുഴയിലിറങ്ങി പരിശോധന നടത്തിയത്. ചൊവ്വാഴ്ച ഒരു മണിക്കൂർ സമയത്തേക്ക് മാത്രമാണ് തിരച്ചിൽ നടത്തിയത്. ബുധനാഴ്ച രാവിലെ മുതൽ കൂടുതൽ പരിശോധന നടത്തും. ഒഴുക്കു കുറഞ്ഞതിനാൽ ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. മാൽപെ സംഘത്തോടൊപ്പം മത്സ്യ തൊഴിലാഴികളും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നാവികസേനയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. പുഴയില്‍ റഡാര്‍ പരിശോധന നടത്താനായിരുന്നു തീരുമാനം. എന്നാൽ ഈശ്വർ മാൽപേയുട നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൈകുന്നേരത്തോടെ പരിശോധന ആരംഭിക്കുകയായിരുന്നു. തിരച്ചിൽ നടത്തുന്ന സാഹചര്യത്തിൽ അർജുന്റെ ബന്ധുക്കൾ ഷിരൂരിലെത്തിയിട്ടുണ്ട്. 

Tags:    
News Summary - Shiroor Landslide; lorry wheel jacky found from river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.