ഗംഗാവലി പുഴയിൽനിന്ന് വീൽ ജാക്കി കണ്ടെത്തി; അർജുൻ ഓടിച്ച ലോറിയിലേതെന്ന് വാഹന ഉടമ
text_fieldsമംഗളൂരു: ഷിരൂരിലെ ഗംഗാവാലി പുഴയിൽ ചൊവ്വാഴ്ച വൈകീട്ട് നടത്തിയ തിരച്ചിലിൽ ലോറിയിലെയും ടാങ്കറിലെയും ഭാഗങ്ങൾ കണ്ടെത്തിയതോടെ വീണ്ടും പ്രതീക്ഷ. വൈകീട്ട് നാലോടെ ഈശ്വർ മാൽപെ നടത്തിയ തിരച്ചിലിലാണ് അർജുൻ സഞ്ചരിച്ച ലോറിയിലെ ഹൈഡ്രോളിക് ജാക്കിയും ഒപ്പം അപകടത്തിൽപെട്ട ടാങ്കറിലെ രണ്ടു ഭാഗങ്ങളും കണ്ടെടുത്തത്.
ഒരു മണിക്കൂറോളം നീണ്ട തിരച്ചിൽ വൈകീട്ട് അഞ്ചോടെ അവസാനിപ്പിച്ചു. കാലാവസ്ഥ അനുകൂലമായാൽ, കൂടുതൽ ഡ്രൈവർമാരെ ഉൾപ്പെടുത്തി ബുധനാഴ്ച രാവിലെ എട്ടോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ഈശ്വർ മാൽപെ അറിയിച്ചു. നാവിക സേന അംഗങ്ങളും ബുധനാഴ്ച തിരച്ചിലിനിറങ്ങുമെന്ന് ഉത്തര കന്നട ജില്ല കലക്ടർ ലക്ഷ്മി പ്രിയ അർജുന്റെ ബന്ധുക്കളെ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കാർവാർ എം.എൽ.എ സതീഷ് സെയ്ൽ ഇടപെട്ട് ഈശ്വർ മാൽപെക്ക് തിരച്ചിലിന് അനുമതി നൽകുകയായിരുന്നു.
കണ്ടെത്തിയ ഭാഗം തന്‍റെ വാഹനത്തിലേതു തന്നെയാണെന്ന് ലോറി ഉടമ മനാഫ് മാധ്യമങ്ങളോട് വ്യക്തമാക്കി. കരയിൽനിന്ന് പത്ത് മീറ്റർ അകലെ നിന്നാണ് ജാക്കി കണ്ടെത്തിയത്. പുതിയ ഹൈഡ്രോളിക് ജാക്കിയാണ് ലോറിയിൽ ഉണ്ടായിരുന്നതെന്നും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് അർജുൻ ഓടിച്ച ലോറിയുടെ ഭാഗമാകാനാണ് എൺപത് ശതമാനവും സാധ്യതയെന്നും ലോറി ഉടമ മനാഫ് പറഞ്ഞു. കാണാതായ ടാങ്കർ ലോറിയുടേത് അല്ലെന്നും മനാഫ് പറഞ്ഞു.
ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് മാൽപെ സംഘം പുഴയിലിറങ്ങി പരിശോധന നടത്തിയത്. ചൊവ്വാഴ്ച ഒരു മണിക്കൂർ സമയത്തേക്ക് മാത്രമാണ് തിരച്ചിൽ നടത്തിയത്. ബുധനാഴ്ച രാവിലെ മുതൽ കൂടുതൽ പരിശോധന നടത്തും. ഒഴുക്കു കുറഞ്ഞതിനാൽ ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. മാൽപെ സംഘത്തോടൊപ്പം മത്സ്യ തൊഴിലാഴികളും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.
അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നാവികസേനയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. പുഴയില്‍ റഡാര്‍ പരിശോധന നടത്താനായിരുന്നു തീരുമാനം. എന്നാൽ ഈശ്വർ മാൽപേയുട നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൈകുന്നേരത്തോടെ പരിശോധന ആരംഭിക്കുകയായിരുന്നു. തിരച്ചിൽ നടത്തുന്ന സാഹചര്യത്തിൽ അർജുന്റെ ബന്ധുക്കൾ ഷിരൂരിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.