കൊച്ചി: അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ഉണ്ണികൃഷ്ണൻ. കോടതിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി മതിയാകുമോയെന്ന് ചോദ്യംചെയ്യലിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് ശിവശങ്കർ കോടതിയെ അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ നിരന്തരം ചോദ്യംചെയ്തത് ആരോഗ്യപരമായി ബുദ്ധിമുട്ടിക്കുന്നു. തനിക്ക് ഗുരുതരമായ നടുവേദനയുണ്ട്. രണ്ടര മണിക്കൂറിൽ കൂടുതൽ ഇരിക്കാൻ പറ്റില്ലെന്നും ശിവശങ്കർ പറഞ്ഞിരുന്നു. എല്ലാതരത്തിലും ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ട്. എൻഫോഴ്സ്മെന്‍റിന്‍റെ പക്കൽ ഒരു തിയറിയുണ്ടെന്നും ഇതുമായി താൻ സഹകരിക്കാത്തതാണ് ഇ.ഡിയുടെ പ്രശ്നമെന്നും ശിവശങ്കർ ചൂണ്ടിക്കാട്ടി.
ചോദ്യം ചെയ്യുന്നതിനിടെ മാനസിക പീഡനം പാടില്ലെന്നും ആയുർവേദ ചികിത്സ ശിവശങ്കറിന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. മൂന്ന് മണിക്കൂർ ചോദ്യം ചെയ്യുമ്പോൾ ഒരു മണിക്കൂർ വിശ്രമം നൽകണം. മകനും ഭാര്യക്കും സഹോദരനും കസ്റ്റഡി കാലയളവിൽ ശിവശങ്കറിനെ കാണാൻ അനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.