കൊച്ചി: അറസ്റ്റിന് മുന്നോടിയായി ശിവശങ്കറിന് കൈമാറിയ അറസ്റ്റ് മെമോയിലെ വിവരങ്ങള്‍ പുറത്ത്. 21 തവണ സ്വര്‍ണം കടത്തിയതിലും ശിവശങ്കറിന്‍റെ സഹായമുണ്ടായിരുന്നുവെന്ന് ഇ.ഡി ശിവശങ്കറിന് നല്‍കിയ അറസ്റ്റ് മെമോയിൽ പറയുന്നു. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ സ്വപ്നയുടെ ആവശ്യപ്രകാരം ശിവശങ്കർ കസ്റ്റംസ് ഓഫിസറോട് സംസാരിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ഇത് തെളിവാണ്. ചോദ്യംചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും അറസ്റ്റ് മെമോയില്‍ പറയുന്നുണ്ട്‍.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിനെ വീണ്ടും ചോദ്യംചെയ്യും. കൊച്ചിയിലേക്ക് വിളിച്ചുവരുത്തും. ശിവശങ്കറിന്‍റെ സാന്നിധ്യത്തിൽ ചോദ്യംചെയ്യാനാണ് നീക്കം. ശിവശങ്കറിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും വേണുഗോപാലിനെ വിളിച്ചുവരുത്തുക.
സ്വപ്നയും വേണുഗോപാലും നല്‍കിയ മൊഴികള്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിര്‍ണായകമായി. സാമ്പത്തിക ഇടപാടുകള്‍ ശിവശങ്കറിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് വേണുഗോപാലിന്‍റെ മൊഴി. സാമ്പത്തിക ഇടപാടുകള്‍ എല്ലാം ശിവശങ്കറിനെ അറയിച്ചിരുന്നുവെന്ന് സ്വപ്നയും മൊഴി നല്‍കി. ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെത്തിയ ഒരു കോടി രൂപയും തെളിവായി.
2018 മുതല്‍ സ്വപ്നയുമായും വേണുഗോപാലുമായും നടത്തിയ ചാറ്റുകള്‍ ശിവശങ്കറിന് തിരിച്ചടിയായി. സ്വപ്ന സുരേഷുമായി ചേര്‍ന്ന് നടത്തിയ കള്ളപ്പണ ഇടപാടുകളാണ് ശിവശങ്കറിനെ കുടുക്കിയത്. സ്വപ്നയുടെ ബാങ്ക് അക്കൗണ്ടില്‍ വന്നത് കണക്കില്ലാത്ത പണമാണ്. ഇത് വെളുപ്പിക്കാന്‍ ശിവശങ്കര്‍ കൂട്ടുനിന്നുവെന്നാണ് കണ്ടെത്തല്‍. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസിലും സാമ്പത്തിക ഇടപാടുകള്‍ നടന്നതായി ഇ.ഡി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.