representational image

വന്ദേ ഭാരത് വന്നതോടെ, മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് യാത്രക്കാരെ വെട്ടിലാക്കുന്നു; ജനറല്‍ കമ്പാര്‍ട്ടുമെൻറുകളുടെ കുറവിൽ ശ്വാസം മുട്ടി ജനങ്ങൾ

തിരുവനന്തപുരം: വന്ദേ ഭാരത് വന്നതോടെ, മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത്, സാധാരണ യാത്രക്കാരെ വെട്ടിലാക്കുകയാണ്. ഇതിനുപുറമെയാണ് ജനറൽ കമ്പാർട്ടുമെന്റുകളുടെ കുറവ് ശ്വാസം മുട്ടിക്കുന്നത്. അടുത്തിടെയായി ​കേരളത്തിലെ ട്രെയിൻ യാത്രികർക്ക് പറയാ​ൻ ഏറെ ദുരിതകഥയാണുള്ളത്. വന്ദേ ഭാരത് ട്രെയിനുകള്‍ കൃത്യ സമയത്തു സര്‍വീസ് നടത്തുന്നതിന് വേണ്ടി മറ്റു ട്രെയിനുകള്‍ ദീര്‍ഘനേരം പലയിടങ്ങളിലായി പിടിച്ചിടുകയാണ്.

ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പോകേണ്ട സ്ഥിരം യാത്രക്കാരാണ് ഇതുമൂലം പ്രയാസം അനുഭവിക്കുന്നത്. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണിപ്പോൾ ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഇത് പരിഹരിക്കുന്നതിന് വന്ദേ ഭാരത് ട്രെയിനുകളുടെ സമയക്രമം പരിഷ്‌കരിക്കുന്നതിന് പകരം മറ്റു ട്രെയിനുകളുടെ സമയം മാറ്റാനാണ് റെയില്‍വേ ശ്രമിക്കുന്നത്. ഇത്, സ്ഥിരം യാത്രക്കാരെ ട്രെയിൻ യാത്ര ഉപേക്ഷിക്കാൻ മാത്രമെ പ്രേരിപ്പിക്കൂവെന്നാണ് പറയുന്നത്.

ഈ സാഹചര്യം കണക്കിലെടുത്ത് ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു. മറ്റ് ട്രെയിനുകള്‍ ദീര്‍ഘനേരം പിടിച്ചിട്ട് വന്ദേ ഭാരത് ട്രെയിനുകള്‍ കടത്തിവിടുന്ന രീതിയും പുനഃപരിശോധിക്കണമെന്ന് എം.പി കത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ കുറവ് നിമിത്തം യാത്രക്കാര്‍ അങ്ങേയറ്റം കഷ്ടപ്പെടുകയാണ്. തുലോം പരിമിതമായ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ സൂചി കുത്താനിടമില്ലാതെ തിങ്ങി നിറഞ്ഞാണിപ്പോള്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നത്. ഗുസ്തി പിടിച്ചു തിങ്ങി നിറഞ്ഞുനില്‍ക്കുന്നവരെ ചവിട്ടിയകറ്റി മാത്രമേ ജനറല്‍ കമ്പാര്‍ട്‌മെന്റുകളിലേക്ക് പ്രവേശിക്കുവാന്‍ പോലും കഴിയൂ.

വായു സഞ്ചാരം പോലും തടസ്സപെടുന്ന രീതിയില്‍ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്നത് മൂലം യാത്രക്കാര്‍ ബോധരഹിതരാകുന്നത് പതിവായി. ഉത്തര കേരളത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മാത്രമേ ഇതിനൊരറുതി വരുത്താന്‍ കഴിയൂവെന്ന് ജോൺ ബ്രിട്ടാസ് എം.പി കേന്ദ്ര റെയില്‍വേ മന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

Tags:    
News Summary - Shortage of General Compartments: Passengers in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.