മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വാളുകള്‍ പൊലീസ് കണ്ടെത്തി. ഷുഹൈബ് കൊല്ലപ്പെട്ട എടയന്നൂരിനടുത്ത തെരൂർ വെള്ളപ്പറമ്പ് മേഖലയില്‍ നിന്നാണ് വാളുകൾ കണ്ടെത്തിയത്. വാളുകളില്‍ ചോരപ്പാടുകളുണ്ട്. അധികം പഴക്കവുമില്ല. ഇവ ഫോറന്‍സിക് പരിശോധനക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു.
ഷുഹൈബിനെ വെട്ടിവീഴ്ത്തിയ ശേഷം കുമ്മാനം വഴി രക്ഷപ്പെട്ട പ്രതികള്‍ വെള്ളപ്പറമ്പില്‍ വാളുകള്‍ ഉപേക്ഷിച്ചതാെണന്നാണ് പൊലീസിന് ലഭിച്ച വിവരം. വെള്ളപ്പറമ്പിൽനിന്ന് ഒരു വാൾ നേരത്തേ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ ഉച്ചയോടെ പൊലീസ് ഇവിടെ വ്യാപക തിരച്ചിൽ നടത്തിയത്. സി.ഐ എ.വി. ജോണ്‍, എസ്.ഐ കെ. രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതികളെ പിടികൂടിയിട്ടും ആയുധം കണ്ടെത്താത്തത് ഇന്നലെ ഹൈകോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മാരുതി ആള്‍ട്ടോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. ഷുഹൈബിനെ ആക്രമിക്കാൻ പ്രതികളെത്തിയ വെള്ള വാഗൺ-ആർ കാർ നേരത്തേ അരോളിയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയ രണ്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കി. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റ് ചെയ്ത തില്ലങ്കേരി വഞ്ഞേരിയിലെ എം.പി. ആകാശ്, മുടക്കോഴി മലക്ക് സമീപത്തെ റിജിന്‍രാജ് എന്നിവരെയാണ് തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.