മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് വധക്കേസില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകർകൂടി അറസ്റ്റില്‍. മുഴക്കുന്ന് സ്വദേശി സി.എസ്. ദീപ്ചന്ദ് (26), തെരൂര്‍ പാലയോട് സ്വദേശി കെ. ബൈജു (25) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.
മട്ടന്നൂര്‍ സി.ഐ എ.വി. ജോൺ, എസ്.ഐ കെ. രാജീവ്കുമാര്‍, എസ്.ഐ ദിനേശന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ദീപ്ചന്ദ് കൊലയില്‍ നേരിട്ടു പങ്കാളിയാണെന്നും ബൈജു ആയുധം ഒളിപ്പിക്കുന്നതിനു സഹായം ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി. ദീപ്ചന്ദ് അറസ്റ്റിലായതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചു പ്രതികളും പിടിയിലായി.
വെള്ളപ്പറമ്പ് മേഖലയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഇരുമ്പു കൈപ്പിടിയുള്ള അധികം പഴക്കമില്ലാത്ത രണ്ടു വാളുകൾ, ഇരുമ്പുകൊണ്ടുള്ള ഒരു മഴു എന്നിവ പിടികൂടി. മഴുവിന് 55 സെ. മീറ്ററും വാളുകള്‍ക്ക് 48ഉം 50ഉം സെ. മീറ്ററും നീളമാണുള്ളത്. ഇവ ഫോറന്‍സിക് പരിശോധനക്കയക്കും. ബൈജുവിനെ ചോദ്യം ചെയ്തതില്‍നിന്നാണ് ആയുധങ്ങള്‍ ഒളിപ്പിച്ചതു സംബന്ധിച്ച വിവരം ലഭിച്ചത്. ഇതിെൻറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ നാലു വാളുകള്‍ ഈ മേഖലയില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയിരുന്നു.
തില്ലങ്കേരി വഞ്ഞേരി എം.പി. ആകാശ് (24), തില്ലങ്കേരി മുടക്കോഴി റിജിന്‍ രാജ് (23), തില്ലങ്കേരി ആലയാട് പി.പി. അന്‍വര്‍ സാദത്ത് (24), മീത്തലെ പാലയോട് കെ. അഖില്‍ (24), തെരൂര്‍ പാലയോട് ടി.കെ. അഷ്കര്‍ (25), മുഴക്കുന്ന് സ്വദേശി കെ.വി. ജിതിന് (26), തെരൂര്‍ പാലയോട് സ്വദേശി കെ. സഞ്ജയ് (24), കെ. രജത് (22), കുമ്മാനം കെ.വി. സംഗീത് (26) എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. കൊല നടത്തിയ അഞ്ചംഗസംഘവും ഗൂഢാലോചന, ആയുധം ഒളിപ്പിക്കൽ, അക്രമികള്‍ക്ക് സഹായം നല്കല് എന്നിവയില്‍ ഉള്‍പ്പെട്ട ആറുപേരുമാണ് ഇതുവരെ അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച വാഗൺ ആർ, ആള്‍ട്ടോ കാറുകള്‍ നേരേത്ത കസ്റ്റഡിയിലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.