ഷുക്കൂർ വധം: പി.ജയരാജനും ടി.വി രാജേഷിനും തിരിച്ചടി; വിടുതൽ ഹരജി തള്ളി, വിചാരണ നേരിടണം

കൊച്ചി: മുസ്​ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും സമർപ്പിച്ച വിടുതൽ ഹരജികൾ പ്രത്യേക സി.ബി.ഐ കോടതി തള്ളി. പ്രതികൾക്കെതിരെ ഒക്ടോബർ 18ന് കോടതി കുറ്റം ചുമത്തും. 2012 ഫെബ്രുവരി 20നാണ് പട്ടുവത്തിനടുത്ത് അരിയിൽ അബ്​ദുഷുക്കൂറിനെ ഒരു സംഘം ബന്ദിയാക്കി പട്ടാപ്പകൽ കൊലപ്പെടുത്തിയത്.

ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ക്രിമിനൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് ജയരാജനും രാജേഷിനുമെതിരായ ആരോപണം. പട്ടുവത്ത് ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന വാഹനം ആക്രമിച്ചതിന് പ്രതികാരമായാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നും ആക്രമണത്തിനുശേഷം സി.പി.എം നേതാക്കൾ ചികിത്സയിൽ കഴിയുന്ന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ജയരാജനും രാജേഷും ഉൾപ്പെടെ ആറു പ്രതികൾ ഗൂഢാലോചന നടത്തിയെന്നുമാണ്​ സി.ബി.ഐയുടെ കണ്ടെത്തൽ.

പൊലീസും സി.ബി.ഐയും രേഖപ്പെടുത്തിയ സാക്ഷി മൊഴികളിൽനിന്ന്​ ഗൂഢാലോചനയിൽ ജയരാജ​ന്‍റെയും രാജേഷി​ന്‍റെയും സാന്നിധ്യം വ്യക്തമാണെന്ന്​ സി.ബി.ഐ പ്രോസിക്യൂട്ടറും ഷുക്കൂറി​ന്‍റെ മാതാവി​ന്‍റെ അഭിഭാഷകനും വാദിച്ചു. സി.ബി.ഐയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നായിരുന്നു കേസിലെ 32, 33 പ്രതികളായ ജയരാജ​ന്‍റെയും രാജേഷി​ന്‍റെയും അഭിഭാഷകരുടെ വാദം.

തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വെച്ച്​ മുസ്​ലിം ലീഗ് പ്രവർത്തകരെ കൈകാര്യം ചെയ്യണമെന്ന്​ 28ാം പ്രതി പി. സുരേശനോടും 31ാം പ്രതി എ.വി. ബാബുവിനോടും 30ാം പ്രതി യു.വി. വേണു ആക്രോശിക്കുന്നത് കേട്ടുവെന്ന പി.പി. അബു, മുഹമ്മദ് സ്വാബിർ എന്നിവരുടെ മൊഴികളെ മാത്രമാണ് സി.ബി.ഐ ആശ്രയിക്കുന്നതെന്ന്​ പ്രതിഭാഗം പറഞ്ഞു.

ജയരാജനൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ പ്രമോദ് സി.ബി.ഐക്ക് നൽകിയ മൊഴിയിൽ ആശുപത്രിയിൽ ആരും ഒച്ചവെക്കുന്നതായി കേട്ടില്ലെന്നാണ്​ പറഞ്ഞിരിക്കുന്നതെന്നും ​പ്രതിഭാഗം ചൂണ്ടിക്കാട്ടി.

ക്രിമിനൽ ഗൂഢാലോചനയിൽ 28 മുതൽ 32 വരെയുള്ള പ്രതികളുടെ സാന്നിധ്യം തെളിയിക്കുന്ന വിധത്തിൽ സാക്ഷികളുടെ മൊഴിയുണ്ടെന്ന് ഇരുഭാഗം വാദവും കേട്ടശേഷം കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചാണ് ആശുപത്രിയിൽ ഇവരുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. 31ാം പ്രതി ബാബുവിന്‍റെ കാൾേഡറ്റ രേഖയിൽ ഷുക്കൂറി​ന്‍റെ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരുമായി ഇയാൾ ബന്ധപ്പെട്ടതിന്​ തെളിവു​ണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ക്രിമിനൽ ഗൂഢാലോചന നടക്കുമ്പോൾ പൊലീസ്​ ഉദ്യോഗസ്ഥ​ന്‍റെ സാന്നിധ്യം ആരും അനുവദിക്കില്ലെന്നത് പൊതുവെ അറിയാവുന്ന കാര്യമാണെന്നും പ്രമോദി​ന്‍റെ മൊഴിയെപ്പറ്റി കോടതി നിരീക്ഷിച്ചു.  

Tags:    
News Summary - Shukkur murder case p jayarajan tv rajesh will face trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.