തൃശൂർ: യു.പിയിലെ ഹാഥറസിലേക്കുള്ള യാത്രാമധ്യേ പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി തടവിലാക്കിയ മലപ്പുറം സ്വദേശിയും കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പെൻറ നിരുപാധിക മോചനത്തിന് സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
കാപ്പെൻറ അറസ്റ്റ് യു.പി സർക്കാരിെൻറ വർഗീയ അജണ്ടയുടെ ഭാഗമാണ്. ഹാഥറസ് ക്രൂരത പുറത്ത് വന്നപ്പോൾ വിഷയം വഴിതിരിച്ച് വിടാൻ നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണിത്. യു.പി സർക്കാരിനെതിരെ രാജ്യാന്തര ഗൂഡാലോചന എന്ന ആരോപണം ഉന്നയിച്ച് അതിെൻറ പേരിൽ നടത്തുന്ന വേട്ടയാണ്. സിദ്ദിഖ് എന്ന പേര് കുറ്റമായി കാണുന്ന യോഗി ആദിത്യനാഥിൈൻറ യു.പിയിലെ ഫാസിസ്റ്റ് രാജ് അംഗീകരിക്കാനാവില്ല.
അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ച കാപ്പന് നിയമസഹായം തടയുകയും കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അനുമതി നിഷേധിക്കുകയുമാണ്. കാപ്പനെ സഹായിക്കാൻ തീരുമാനം എടുക്കുന്നതിൽ ഇപ്പോൾതന്നെ സംസ്ഥാന സർക്കാർ വൈകി. ഇനിയും വൈകിയാൽ മുഖ്യമന്ത്രിയെ ചരിത്രം കുറ്റക്കാരനെന്ന് വിധിക്കും. വിദേശത്തും മറ്റും മലയാളി പ്രമുഖർ കേസിൽ കുടുങ്ങിയപ്പോൾ നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രി കാണിച്ച താൽപര്യം മാധ്യമ പ്രവർത്തനമെന്ന തെൻറ ജോലി ചെയ്തതിെൻറ പേരിൽ അറസ്റ്റിലായ ഈ മലയാളിയുടെ കാര്യത്തിൽ ഉണ്ടാകണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.