പാലക്കാട്: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർ, മാഡം സംബോധനകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശപ്രവർത്തകൻ നൽകിയ പരാതിയിൽ നടപടി വൈകുന്നു. പാലക്കാട് സ്വദേശി ബോബൻ മാട്ടുമന്തയാണ് സർ, മാഡം വിളികൾ ഒഴിവാക്കണമെന്നും പകരം ടീച്ചർ, പ്രഫസർ എന്നിവ നിർദേശിച്ചും 2021 ഒക്ടോബർ രണ്ടിന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയത്.
തുടർന്ന് മന്ത്രി ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസിനോട് റിപ്പോർട്ട് തേടി. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും നടപടിയാവാതിരിക്കുകയും തുടർ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും നൽകാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ വിവരാവകാശപ്രവർത്തകർ 'സുതാര്യകേരളം' വഴി മുഖ്യമന്ത്രിയെ സമീപിച്ചു.
പരാതി പരിശോധിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി ശ്രീദേവി, മെമ്പർ സെക്രട്ടറി ഇതുവരെയും റിപ്പോർട്ട് ലഭ്യമാക്കിയിട്ടില്ലെന്ന മറുപടിയാണ് നൽകിയത്. ഒരു പരാതിയിൽ മൂന്ന് മാസത്തിനകം അന്തിമ തീർപ്പ് കൽപ്പിക്കണമെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മാജി പുറത്തിറക്കിയ ഉത്തരവിന്റെ ലംഘനമാണ് മെമ്പർ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് വിവരാവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.