വിനോദ സഞ്ചാരികളായി ബസിൽ നഗരം ചുറ്റി, 78 കേന്ദ്രങ്ങളിൽ ഒരുമിച്ച് കയറി; സംസ്ഥാനത്തെ ഏറ്റവും വലിയ ജി.എസ്.ടി റെയ്ഡിൽ പിടിച്ചെടുത്തത് 104 കിലോ സ്വർണം

തൃശൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ ജി.എസ്.ടി റെയ്ഡിൽ ഇതിനകം പിടിച്ചെടുത്തത് 104 കിലോ സ്വർണം. തൃശൂരിലെ സ്വർണ നിർമാണ-വ്യാപാര കേന്ദ്രങ്ങളടങ്ങുന്ന 78 ഇടങ്ങളിൽ ബുധനാഴ്ച വൈകീട്ട് തുടങ്ങി‍യ പരിശോധന വ്യാഴാഴ്ചയും ഉച്ചയോടെയാണ് അവസാനിച്ചത്. 'ടെറ ദേൽ ഓറോ'(സ്വർണ ഗോപുരം) എന്ന് പേരിട്ട ദൗത്യം ആസൂത്രണം ചെയ്തത് അതീവ രഹസ്യമായാണ്.

640 ഉദ്യോഗസ്ഥരാണ് പരിശോധനയുടെ ഭാഗമായത്. ആറു മാസത്തെ ആസൂത്രണത്തിനൊടുവിലാണ് ദൗത്യമെങ്കിലും പരിശോധന ആരംഭിക്കുന്നതിന്റെ തൊട്ടുമുൻപ് വരെ ദൗത്യത്തെ കുറിച്ച് ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നില്ല. പരിശീലന ക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 700 ഓളം വരുന്ന ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയത്. തൃശൂരിൽ എത്തിയ ശേഷം ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസിൽ വിനോദ സഞ്ചാര ബാനർ കെട്ടി. പിന്നീടാണ് കേരളത്തിലെ ഏറ്റവും വലിയ ജി.എസ്.ടി റെയ്ഡിനാണ് പുറപ്പെടുന്നതെന്ന് അറിയിക്കുന്നത്.

78 കേന്ദ്രങ്ങളിൽ ഒരേ സമയം ഉദ്യോഗസ്ഥർ കയറി പരിശോധന തുടങ്ങി. സ്റ്റോക്ക് രജിസ്റ്ററിൽ ഉള്ളതിനേക്കാൾ സ്വർണം പല സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്തു. കടകൾക്ക് പുറമേ വ്യാപാരികളുടെ വീടുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിലുമായുരുന്നു പരിശോധന. 104 കിലോ സ്വർണം ഇതിനകം പിടിച്ചെടുത്തുവെന്നും സംസ്ഥാന ജി.എസ്.ടി ഇൻറലിജൻസ് ഡെപ്യൂട്ടി കമീഷണർ ദിനേഷ് കുമാർ പറഞ്ഞു.

അടുത്തിടെ സ്വർണ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകൾ തൃശൂർ നഗരപരിധിയിൽതന്നെ റിപ്പോർട്ട് ചെയ്തിരുന്നു. സ്വർണത്തട്ടിപ്പ് സംഘങ്ങളും സജീവമാണ്. ചെറുതും വലുതുമായ നൂറുകണക്കിന് സ്വർണാഭരണ നിർമാണ ശാലകളും സ്വർണാഭരണ മൊത്ത വ്യാപാര സ്ഥാപനങ്ങളും ജില്ലയിലുണ്ട്.

Tags:    
News Summary - Six months of planning behind the biggest GST raid in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.