കൊച്ചി: കേരളത്തിൽ 21,271 കോടി രൂപ ചെലവിൽ 187 കിലോമീറ്റർ റോഡ് നിർമിക്കാൻ ആറ് പദ്ധതികൾ ആരംഭിക്കുമെന്ന് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എൻ.എച്ച്.എ.ഐ). ആസാദി കാ അമൃത് മഹോത്സവ്' ആഘോഷത്തോടനുബന്ധിച്ച് കൊച്ചിയിൽ റീജനൽ ഓഫിസർമാരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യവെ എൻ.എച്ച്.എ.ഐ ചെയർപേഴ്സൻ അൽക്ക ഉപാധ്യായയാണ് ഇക്കാര്യം അറിയിച്ചത്.
121 കിലോമീറ്റർ ദൈർഘ്യമുള്ള പാലക്കാട് -മലപ്പുറം -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ നിലവിലുള്ള എൻ.എച്ച് 966ലെ ഗതാഗതം സുഗമമാക്കും. ഇതോടെ ഈ ദൂരം പിന്നിടാനുള്ള സമയപരിധി നിലവിലെ മൂന്നര മണിക്കൂറിൽനിന്ന് ഒന്നര മണിക്കൂറായി കുറയും. പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദൂര പ്രദേശങ്ങളുടെ വികസനത്തിന് ഗ്രീൻഫീൽഡ് ഹൈവേ മുതൽക്കൂട്ടാകും. ഇതിനൊപ്പം തമിഴ്നാടും വടക്കൻ കേരളവും തമ്മിലുള്ള അന്തർസംസ്ഥാന ഗതാഗത ബന്ധം മെച്ചപ്പെടും. 59 കിലോമീറ്ററുള്ള ചെങ്കോട്ട- കൊല്ലം ഗ്രീൻഫീൽഡ് ഹൈവേ ബ്ലോക്കുകളില്ലാത്ത ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനൊപ്പം നിലവിലുള്ള എൻ.എച്ച് 744ൽ ഗതാഗതം സുഗമമാക്കുകയും ചെയ്യും.
ആലപ്പുഴയിലെ തുറവൂർ മുതൽ അരൂർ വരെയുള്ള 12.34 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയാണ് മറ്റൊരു പ്രധാന പദ്ധതി. നിലവിൽ സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമേറിയ ആറ് വരി എലിവേറ്റഡ് ഹൈവേയാകും പദ്ധതി. തിരുവനന്തപുരത്തെ ഗതാഗതം സുഗമമാക്കാൻ ഔട്ടർ റിങ് റോഡ് പദ്ധതിക്ക് അംഗീകാരം നൽകാൻ ആലോചിക്കുന്നതായും അവർ പറഞ്ഞു. മൊത്തം 177 കിലോമീറ്റർ റോഡ് ശൃംഖലയുടെ നിർമാണം എൻ.എച്ച്.എ.ഐ പൂർത്തിയാക്കി. 34,972 കോടി രൂപ ചെലവിൽ 403 കിലോമീറ്റർ റോഡ് പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ നടക്കുകയാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.