ബി.ജെ.പി പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് എത്തിച്ചപ്പോൾ അഭിവാദ്യമർപ്പിക്കുന്ന സി.പി.എം പ്രവർത്തകർ
തലശ്ശേരി: സൂരജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഒമ്പത് സി.പി.എം പ്രവർത്തകരെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് യാത്രയാക്കിയത് അഭിവാദ്യമർപ്പിച്ച്. ശിക്ഷാവിധി കേൾക്കാൻ തലശ്ശേരി സെഷൻസ് കോടതിയിൽ എത്തിയ സി.പി.എം നേതാക്കളും പ്രവർത്തകരുമാണ് ശിക്ഷിക്കപ്പെട്ടവർക്ക് പൊലീസ് വാഹനത്തിൽ കയറുമ്പോൾ അഭിവാദ്യമർപ്പിച്ചത്.
‘ധീരന്മാരാം പോരാളികളേ..., കണ്ണൂരിന്റെ പോരാളികളെ, നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ, ചോരപ്പൂകൊണ്ടഭിവാദ്യങ്ങൾ’ എന്ന മുദ്രാവാക്യം പ്രവർത്തകർ മുഴക്കി. പ്രതികൾ ശിക്ഷാവിധി കേൾക്കാനായി കോടതിയിൽ എത്തുമ്പോഴും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കയറുമ്പോഴും മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു.
മുഴപ്പിലങ്ങാട്ടെയും തലശ്ശേരിയിലെയും പ്രവർത്തകർക്കു പുറമെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരടക്കം നൂറോളം പേർ കോടതി പരിസരത്തെത്തി. സി.പി.എം തലശ്ശേരി, പിണറായി ഏരിയ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കളും എത്തിയിരുന്നു.
സി.പി.എം നേതാക്കളെയും പ്രവർത്തകരെയും കൂടാതെ ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം പരോളിലിറങ്ങിയ മുഹമ്മദ് ഷാഫി ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതികളായവരും കോടതി പരിസരത്ത് എത്തിയെന്നാണ് വിവരം.
മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവർത്തകൻ എളമ്പിലായി സൂരജ് (32) വധക്കേസിൽ കുറ്റക്കാരായി കണ്ടെത്തിയ ഒമ്പത് പ്രതികളിൽ എട്ട് പേർക്ക് ജീവപര്യന്തം തടവും പിഴയുമാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. 11ാം പ്രതി മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ സോപാനം വടക്കേയിൽ വീട്ടിൽ പുതിയപുരയിൽ പ്രദീപന് (58) മൂന്നുവർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ആറു മാസംകൂടി കഠിന തടവ് അനുഭവിക്കണം. ഇയാൾക്ക് ജാമ്യം അനുവദിച്ചു.
സി.പി.എം പ്രവർത്തകരായ പത്തായക്കുന്ന് കാത്തായിന്റവിട ഹൗസിൽ ടി.കെ. രജീഷ് (46), തലശ്ശേരി കാവുംഭാഗം കോമത്ത് പാറയിലെ പുതിയേടത്ത് ഹൗസിൽ എൻ.വി. യോഗേഷ് (47), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കുണ്ട്യൻ ഹൗസിൽ കെ. ഷംജിത്ത് എന്ന ജിത്തു (48), കൂത്തുപറമ്പ് നരവൂർ പഴയ റോഡിലെ പുത്തൻ പറമ്പത്ത് മമ്മാലി ഹൗസിൽ പി.എം. മനോരാജ് എന്ന നാരായൺ കുട്ടി (44), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പിൽ ഹൗസിൽ നെയ്യോത്ത് സജീവൻ (57), മുഴപ്പിലങ്ങാട് പണിക്കന്റവിട ഹൗസിൽ പ്രഭാകരൻ (65), മുഴപ്പിലങ്ങാട് ബീച്ച് റോഡിലെ പുതുശ്ശേരി ഹൗസിൽ കെ.വി. പത്മനാഭൻ എന്ന ചോയി പാപ്പൻ (67), മുഴപ്പിലങ്ങാട് കരിയില വളപ്പിൽ ഹൗസിൽ മനോമ്പേത്ത് രാധാകൃഷ്ണൻ (60) എന്നിവർക്കാണ് ജീവപര്യന്തം തടവും പിഴയും വിധിച്ചത്.
2005 ആഗസ്റ്റ് ഏഴിന് രാവിലെ 8.40ന് മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ ഓട്ടോറിക്ഷയിലെത്തിയ സംഘം സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പത്താം പ്രതി എടക്കാട് കണ്ണവത്തിൻമൂല നാഗത്താൻ കോട്ട പ്രകാശനെ (56) കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചിരുന്നു. ഒന്നാം പ്രതി മുഴപ്പിലങ്ങാട് പള്ളിക്കൽ പി.കെ. ഷംസുദ്ദീൻ, 12ാം പ്രതി മക്രേരി കിലാലൂർ ടി.പി. രവീന്ദ്രൻ എന്നിവർ വിചാരണക്ക് മുമ്പ് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.