തിരുവനന്തപുരം: അതിരടയാളം നിർണയിക്കാനുള്ള കല്ലിടൽ തന്നെ വ്യാപക ചെറുത്തുനിൽപ്പിനും പ്രതിഷേധങ്ങൾക്കും വഴിമാറുന്ന സാഹചര്യത്തിൽ സാമൂഹികാഘാത പഠനം വൈകും. പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായതോടെ ഏഴ് ജില്ലകളിലെ പഠനം പൂര്‍ത്തിയാക്കാൻ സര്‍വേ ഏജന്‍സികള്‍ കൂടുതല്‍ സമയം തേടി സര്‍ക്കാറിന് കത്ത് നല്‍കി. പലയിടങ്ങളിലും സാമൂഹികാഘാത പഠനം താൽക്കാലികമായി നിർത്തി. ചിലയിടങ്ങളിൽ തുടങ്ങാനുമായിട്ടില്ല.
തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസർകോട് ജില്ലകളിലെ സാമൂഹിക ആഘാത പഠനം പൂര്‍ത്തിയാക്കേണ്ടിയിരുന്നത് ഏപ്രില്‍ ആദ്യവാരം. പ്രതിഷേധം ശക്തമായതോടെ കല്ലിടല്‍ എങ്ങുമെത്തിയില്ല. സാമൂഹിക ആഘാത പഠനത്തിനുള്ള സര്‍വേയോടും പലയിടത്തും നിസ്സഹകരണമാണ്. ഇതോടെയാണ് സര്‍വേക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഈ ജില്ലകളിലെ സര്‍വേ ചുമതലയുള്ള ഏജൻസികൾ സര്‍ക്കാറിന് കത്ത് നല്‍കിയത്. കല്ലിടല്‍ സാധ്യമായാല്‍ മേയ് അവസാനത്തോടെ സര്‍വേ പൂര്‍ത്തിയാക്കാമെന്നും ഏജന്‍സി സര്‍ക്കാറിനെ അറിയിച്ചു. സമാന സാഹചര്യമാണ് എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും. സമയം നീട്ടി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കുമെന്നാണ് വിവരം.
പൂർണമായും ജനങ്ങൾ സഹകരിച്ചാൽ മാത്രം നടക്കുന്ന സർവേയും വിവരശേഖരണവുമാണ് സാമൂഹികാഘാത പഠനത്തിന്‍റെ പ്രധാന ഘടകം. ഉദ്യോഗസ്ഥർ കല്ലിടൽ നടന്ന മേഖലയിലെ വീടുകളിലെത്തിയാണ് സർവേ നടത്തേണ്ടത്. വിവരങ്ങൾ നൽകുന്നതിൽ ഭൂവുടമകൾ നിസ്സഹകരിച്ചാൽ സർവേ എങ്ങനെ പൂർത്തിയാക്കുമെന്നതിലാണ് ആശയക്കുഴപ്പം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.