തിരുവനന്തപുരം: സോളാർ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുപറയാതിരുന്നതിന് പലരും തന്നെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാർ കേസുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന് മുമ്പാകെ നൽകിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഏതെങ്കിലും പ്രത്യേക വ്യക്തിയുടെ ബ്ലാക് മെയിലിങ്ങിന് വിധേയനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോളാർ അന്വേഷണ കമീഷൻ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ താൻ ബ്ലാക്ക് മെയിലിങ്ങിന് വിധേയനായെന്ന് ഉമ്മൻ ചാണ്ടി വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.
ഇൗ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി കെ. സുരേന്ദ്രൻ നൽകിയ പരാതിയിലാണ് അന്വേഷണസംഘം ഉമ്മൻ ചാണ്ടിയുടെ മൊഴിയെടുത്തത്. കഴിഞ്ഞദിവസം വൈകുന്നേരം ഉമ്മൻ ചാണ്ടിയുടെ വസതിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ആരാണ് ബ്ലാക്ക് മെയിൽ ചെയ്തത്, എന്തായിരുന്നു കാരണം തുടങ്ങിയ കാര്യങ്ങളായിരുന്നു അന്വേഷണസംഘം ഡിവൈ.എസ്.പി ഷാനവാസിെൻറ നേതൃത്വത്തിലെ സംഘം മുൻ മുഖ്യമന്ത്രിയോട് ചോദിച്ചത്.
ഒരു വ്യക്തിയല്ല ഒരുപാടുപേർ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മൊഴി. എന്നാൽ, ഏതെങ്കിലും പ്രത്യേക വ്യക്തിയുടെ ബ്ലാക് മെയിലിങ്ങിന് വിധേയനായിട്ടില്ല. സോളർ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുപറയാതിരുന്നതാണ് ബ്ലാക്ക് മെയിലിങ്ങിന് കാരണം. ബിജുവിെൻറ കുടുംബപരമായ കാര്യങ്ങളാണ് അവിടെ ചർച്ച ചെയ്തത്. അതിനാലാണ് ഒരുപാടുപേർ നിർബന്ധിച്ചിട്ടും പുറത്തുപറയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പരാതിയിൽ കെ. സുരേന്ദ്രെൻറ മൊഴി രേഖപ്പെടുത്തിയശേഷം ആവശ്യമെങ്കിൽ ഉമ്മൻ ചാണ്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിെൻറ നീക്കം. അതിനുശേഷമേ കേസ് എടുക്കണോയെന്ന കാര്യം തീരുമാനിക്കുകയുള്ളൂ.
മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും ബിജു രാധാകൃഷ്ണനും സർക്കാർ െഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയ സംഭവം ഏറെ വിവാദമായിരുന്നു. സോളാർ കേസിലെ രണ്ടാംപ്രതി സരിത എസ്. നായരും മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ബി. ഗണേഷ്കുമാറും തമ്മിലെ ബന്ധം സംബന്ധിച്ച കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്ന ആരോപണവും ഉയർന്നിരുന്നു. ബ്ലാക്ക് മെയിൽ ചെയ്തത് ആർ. ബാലകൃഷ്ണപിള്ളയാണെന്ന നിലയിലുള്ള പ്രചാരണമുണ്ടായെങ്കിലും ഉമ്മൻ ചാണ്ടിയും പിള്ളയും ഇത് നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.