ranjith 897987

രഞ്ജിത്ത്

കൊല്ലം ആയൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി

അഞ്ചൽ: കൊല്ലം ആയൂരിൽ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ജീവനൊടുക്കി. ആയൂർ ഇളമാട് വടക്കേവിള രഞ്ജിത്ത് ഭവനിൽ രഞ്ജിത്ത് (35) ആണ് മരിച്ചത്. അമ്മ സുജാതയെ (56) ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയുണ്ടായ സംഭവം ഇന്നാണ് പുറത്തറിഞ്ഞത്. കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നതിനാൽ ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സുജാത നൽകിയ മൊഴിയിൽ പറയുന്നു. സുജാത ഉപയോഗിച്ചിരുന്ന ഷുഗറിൻ്റെ ഗുളികകൾ ഇരുവരും കൂടുതൽ കഴിച്ചു. താൻ പറഞ്ഞതനുസരിച്ച് മകൻ ഷാൾ കൊണ്ട് കുത്തിൽ മുറുക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. അമ്മക്ക് ചലനമില്ലാതായതോടെ മരിച്ചെന്നു കരുതി രഞ്ജിത്ത് തൂങ്ങി മരിക്കുകയായിരുന്നുവത്രേ.

കറണ്ട് ചാർജ് അടക്കാത്തതിനെത്തുടർന്ന് വൈദ്യുതി വിച്ഛേദിക്കാനായി കെ.എസ്.ഇ.ബി ജീവനക്കാരൻ ഇന്ന് വീട്ടിലെത്തി വിളിച്ചപ്പോൾ അടഞ്ഞുകിടന്ന വീട്ടിനുള്ളിൽ നിന്നും "വെള്ളം വേണം" എന്നുള്ള ശബ്ദം കേൾക്കുകയായിരുന്നു. ഇതോടെ ജീവനക്കാരൻ അയൽക്കാരെ വിവരം അറിയിച്ചു. പരിസരവാസികളെത്തി കതക് തള്ളിത്തുറന്നതോടെയാണ് സുജാതയെ അബോധാവസ്ഥയിലും രഞ്ജിത്തിനെ തൂങ്ങിമരിച്ച നിലയിലും കണ്ടത്.

ചടയമംഗലം പൊലീസെത്തി മേൽനടപടികളെടുത്ത ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ സത്യനാണ് സുജാതയുടെ ഭർത്താവ്. രഞ്ജിത്ത് അവിവാഹിതനാണ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോൾ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

Tags:    
News Summary - Son commits suicide after trying to strangle mother in Kollam Ayur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.