തൃശൂർ: ട്രെയിൻ യാത്രക്കിടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്മോർട്ടം വിവാദത്തിൽ ഡോ. ഉന്മേഷിനെ കുറ്റവിമുക്തനാക്കി സർക്കാർ ഉത്തരവിറക്കിയെങ്കിലും സെഷൻസ് കോടതി നിർദേശിച്ച അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ല. അന്വേഷണം തുടങ്ങാത്ത കേസ് തിങ്കളാഴ്ച തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കും.
ഏഴ് വർഷം മുമ്പുണ്ടായ കേസിെൻറ ഒരു ഭാഗം മാത്രമാണ് സർക്കാർ ഉത്തരവോടെ ഡോ. ഉന്മേഷിന് അവസാനിക്കുന്നത്. പൂർണമായും കുറ്റമുക്തനാവാൻ ഇക്കാര്യം സർക്കാർ കോടതിയെ അറിയിച്ച് വിടുതൽ നേടേണ്ടതുണ്ട്. സൗമ്യ കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച തൃശൂർ അതിവേഗ കോടതി, കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് വിലയിരുത്തി ഐ.പി.സി 193 പ്രകാരം ഡോ. ഉന്മേഷിനെതിരെ ക്രിമിനല്‍ കേസെടുക്കാനാണ് ഉത്തരവിട്ടത്.
സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത് ഡോ. ഷേര്‍ളി വാസുവല്ല, താനാണെന്നായിരുന്നു ഡോ. ഉന്മേഷ് കോടതിയില്‍ മൊഴി നല്‍കിയത്. ഇതാണ് ശരിയെന്ന് അന്ന് പോസ്റ്റ്മോര്‍ട്ടം നടപടികൾക്ക് സഹായികളായിരുന്നവർ നൽകിയ മൊഴിയിലും ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.
എന്നാൽ, കോടതി ഉത്തരവനുസരിച്ചെടുത്ത കേസിൽ ഇതുവരെ അന്വേഷണം തുടങ്ങാനായിട്ടില്ല. കേസ് സുപ്രീംകോടതിയിൽ ആയതിനാൽ ഫയലുകൾ ലഭിച്ചില്ലെന്ന കാരണത്താൽ നീട്ടിവെച്ച കേസാണ് സി.ജെ.എം കോടതി തിങ്കളാഴ്ച പരിഗണിക്കുന്നത്. ഇതിനിടക്കാണ് ആരോഗ്യവകുപ്പ് ഡോ. ഉന്മേഷിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. സർക്കാർ ഉത്തരവിെൻറ കാര്യം പ്രോസിക്യൂഷൻ കോടതിയെ അറിയിക്കണം.
ഇതിനിടെ, മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ഷേർളി വാസുവിനെതിരായ മാനനഷ്ടക്കേസിൽ വിചാരണ മേയ് 18ന് സി.ജെ.എം കോടതിയിൽ നടക്കും. സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഡോ. ഷേർളി വാസു തനിക്ക് മാനഹാനി വരുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന് കാണിച്ച് ഡോ. ഉന്മേഷ് നൽകിയ പരാതിയിലാണ് കേസ്. കഴിഞ്ഞ നവംബറിൽ ഡോ. ഷേർളി വാസു കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. ഡോ. ഉന്മേഷിനെ 18ന് കോടതി വിസ്തരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.