തിരുവമ്പാടി (കോഴിക്കോട്): പൊതു വിദ്യാലയങ്ങളിലെ സ്പെഷൽ എജുക്കേറ്റർമാരുടെ നിയമനം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നാല് ആഴ്ചക്കകം നൽകണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് സുപ്രീംകോടതി. ജോലിയിൽ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ സ്പെഷൽ എജുക്കേറ്റർമാർ നൽകിയ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർദേശം. സ്ഥിരനിയമനം നൽകിയ സ്പെഷൽ എജുക്കേറ്റർമാരുടെ എണ്ണം, കരാർ അടിസ്ഥാനത്തിലുള്ളവരുടെ എണ്ണം, വേതനം, സ്ഥിരനിയമനത്തിന് സ്വീകരിച്ച നടപടി, അധ്യാപക സർവിസ് കാലയളവ്, തസ്തിക സൃഷ്ടിച്ചിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് സുപ്രീംകോടതി ഉന്നയിച്ചത്. ബന്ധപ്പെട്ട സംസ്ഥാന സർക്കാറുകൾ കോടതിയുടെ ചോദ്യങ്ങൾക്ക് നാലാഴ്ചക്കകം മറുപടി നൽകണം. ഏപ്രിൽ 16ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും. കേരളത്തിലെ 153 സ്പെഷൽ എജുക്കേറ്റർമാരാണ് സുപ്രീംകോടതി കേസിൽ കക്ഷിചേർന്നത്.
പൊതുവിദ്യാലയങ്ങളിലെ സാധാരണ അധ്യാപകർക്ക് സ്പെഷൽ എജുക്കേഷനിൽ പരിശീലനം നൽകിയിട്ടുണ്ടെന്ന് നേരത്തേ കേരള സർക്കാർ സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ വീണ്ടും സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി സംസ്ഥാനത്തോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിൽ 2886 സ്പെഷൽ എജുക്കേറ്റർമാരാണ് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്. 24 വർഷമായി താൽക്കാലികാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരും ഈ അധ്യാപകരിലുണ്ട്.
പൊതുവിദ്യാലയങ്ങളിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് പഠനപിന്തുണ നൽകുന്ന ഇൻക്ലൂസിവ് വിദ്യാഭ്യാസത്തിന്റെ ഭാഗമാണ് സ്പെഷൽ എജുക്കേറ്റർമാർ. വിരമിക്കൽ പ്രായമെത്തിയ സ്പെഷൽ എജുക്കേറ്റർമാർ വെറുംകൈയോടെ പടിയിറങ്ങേണ്ട അവസ്ഥയിലാണ്. കേന്ദ്ര ഭിന്നശേഷി നിയമമനുസരിച്ച് കാഴ്ച പരിമിതി, ബുദ്ധി പരിമിതി, സെറിബ്രൽ പാർസി, ഓട്ടിസം, ശ്രവണ പരിമിതി, പഠന പരിമിതി തുടങ്ങി 21 വിഭാഗം ഭിന്ന ശേഷി വിഭാഗങ്ങളാണുള്ളത്. എസ്.എസ്.എ, ഐ.ഇ.ഡി.എസ്.എസ്, ആർ.എം.എസ്.എ, എസ്.കെ എന്നീ പദ്ധതികളുടെ ഭാഗമായി കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരാണ് സ്പെഷൽ എജുക്കേറ്റർമാർ.
പത്ത് വർഷം പൂർത്തീകരിച്ച സ്പെഷൽ എജുക്കേറ്റർമാരുടെ സേവന, വേതന വ്യവസ്ഥ നിജപ്പെടുത്തണമെന്ന് 2016 ജൂൺ 30ന് കേരള ഹൈകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. പത്ത് വർഷം സേവനം പൂർത്തികരിച്ച 449 സ്പെഷൽ എജുക്കേറ്റർമാരാണ് ഹൈകോടതിയെ സമീപിച്ചത്. 28,815 രൂപയായിരുന്ന സ്പെഷൽ എജുക്കേറ്റർമാരുടെ പ്രതിമാസ വേതനം 2018ൽ സർക്കാർ 25,000 രൂപയായി വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ എട്ടു വർഷമായി സ്പെഷൽ എജുക്കേറ്റർമാരുടെ വേതനം വർധിപ്പിച്ചിട്ടില്ല. ജോലി സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് സ്വദേശിയായ രജ്നീഷ് കുമാർ പാണ്ഡെ ആണ് പിന്നീട് സുപ്രീം കോടതിയിലെത്തിയത്. ഈ കേസിൽ കേരളത്തിലെ 153 സ്പെഷൽ എജുക്കേറ്റർമാർ കക്ഷിചേരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.