തിരുവനന്തപുരം: സ്പ്രിൻക്ലർ കേസ് വാദിക്കാൻ സർക്കാറിനുവേണ്ടി ഹാജരായ സൈബർ വിദഗ്ധ എൻ.എസ്. നപിനായിക്ക് ഫീസായി രണ്ടുലക്ഷം രൂപ നൽകാൻ അഡ്വക്കറ്റ് ജനറലിെൻറ ശിപാർശ. ഏപ്രിൽ 24ന് കേസ് ഹൈകോടതി പരിഗണിച്ചപ്പോൾ ഓൺലൈനിലൂടെയാണ് നപിനായി സർക്കാറിനായി ഹാജരായത്.
സ്പ്രിൻക്ലർ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണനാണ് കേസ് നൽകിയത്. ജനങ്ങളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും ഡേറ്റ കൈമാറരുതെന്നുമായിരുന്നു ഹൈകോടതി നിർദേശം.
കരാറുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും വിവാദമായതോടെ പുതുക്കിയില്ല. ശേഖരിച്ച വിവരങ്ങൾ ഉപയോഗിച്ചതുമില്ല. കരാർ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല.
കോവിഡ് ബാധിതരുടെ വിവരവിശകലനത്തിനാണ് അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറുമായി സർക്കാർ 2020 ഏപ്രിൽ രണ്ടിന് കരാർ ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ മുൻൈകയെടുത്താണ് കരാറുണ്ടാക്കിയത്. മാർച്ച് 24 മുതൽ പ്രാബല്യമുണ്ടായിരുന്ന കരാർ സെപ്റ്റംബർ 24ന് അവസാനിച്ചു. വിവാദമായതോടെ ആറ് മാസത്തിനുശേഷം സർക്കാർ കരാർ പുതുക്കിയില്ല.
വിമർശനം ഉയർന്നതോടെ സ്പ്രിൻക്ലർ സോഫ്റ്റ്‌വെയർ ഒരുതവണപോലും ഉപയോഗിച്ചില്ല. കരാർ വിവാദമായതിനെതുടർന്ന് ലക്ഷങ്ങൾ ചെലവാക്കി സി ഡിറ്റിെൻറ ആമസോൺ ക്ലൗഡ് അക്കൗണ്ടിലേക്ക് ഡേറ്റ മാറ്റി.
സ്പ്രിൻക്ലറിെൻറ ക്ലൗഡ് അക്കൗണ്ടിൽ 1.8 ലക്ഷം പേരുടെ ഡേറ്റ എത്തിയെന്നും സ്പ്രിൻക്ലർ കമ്പനിക്ക് കരാർ നൽകിയതിൽ ഒട്ടേറെ വീഴ്ചകളുണ്ടെന്നും കരാറിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതി ചൂണ്ടിക്കാണിച്ചു. ഈ റിപ്പോർട്ട് പുറത്തുവിടാൻ തയാറാകാത്ത സർക്കാർ റിപ്പോർട്ടിലെ ശിപാർശകളെക്കുറിച്ച് പഠിക്കാൻ മറ്റൊരു സമിതിയെ നിയോഗിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.