തൃശൂർ: എസ്.എഫ്.ഐ കോളജ് യൂനിറ്റുമായുള്ള തർക്കത്തെ തുടർന്ന് ശ്രീകേരളവർമ കോളജ് പ്രിൻസിപ്പൽ പദവിയിൽ നിന്ന് ഡോ.എ.പി. ജയദേവൻ രാജി സമർപ്പിച്ച വിഷയത്തിൽ സി.പി.എം ഇ ടപെട്ടു. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ ബോർഡിനോട് സി.പി.എം നിർദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കൊച്ചിൻ ദേവസ്വം ബോർഡ് യോഗം ചേരും. വ്യാഴാഴ്ച പ്രിൻസിപ്പൽ കോളജിൽ എത്തിയില്ല.
അധ്യാപക സംഘടന നേതാക്കളും മുതിർന്ന സി.പി.എം നേതാക്കളും പ്രിൻസിപ്പലുമായി ഫോണിൽ സംസാരിച്ചതായും രാജി തീരുമാനത്തിൽനിന്ന് അദ്ദേഹം പിന്മാറുമെന്നും സൂചനയുണ്ട്. രാജിയിൽ ഇന്ന് തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ.ബി. മോഹനൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ നിർദേശിച്ചിട്ടുള്ളതിനാൽ ആ നിലയിലാവും തീരുമാനമെടുക്കുകയെന്നാണ് അറിയുന്നത്.
അയ്യപ്പനെ അപമാനിച്ചുവെന്ന ബോർഡ് വിവാദത്തിന് പിന്നാലെ അനവസര വിവാദത്തിന് അവസരമുണ്ടാക്കിയതിൽ എസ്.എഫ്.ഐയെ സി.പി.എം നേതൃത്വം അതൃപ്തി അറിയിച്ചിട്ടുണ്ട്. അതേസമയം, സമരവും പ്രിൻസിപ്പലിനെ ഉപരോധിക്കലുമെല്ലാം കോളജിൽ സാധാരണമാണെന്നിരിക്കെ ചർച്ച നടത്താമെന്നും ആലോചിക്കാമെന്നും മറ്റും പറഞ്ഞും ഉറപ്പ് കൊടുത്തുമൊക്കെ സമരക്കാരെ കൈകാര്യം ചെയ്ത് ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം ഒതുക്കുകയാണ്പതിവ്. അതിന് പകരം കോളജ് യൂനിയൻ ചെയർമാന് നേരെ പ്രിൻസിപ്പൽ രോഷപ്രകടനം നടത്തിയത് ശരിയായില്ലെന്ന നിലപാടുള്ള അധ്യാപകർ നിരവധിയുണ്ട്.
സീനിയോറിറ്റി മറികടന്ന് പ്രിൻസിപ്പൽ ആയി നിയമിക്കപ്പെട്ട ഡോ. ജയദേവൻ ആ ചുമതലകൾ നിർവഹിക്കുന്നതിൽനിന്ന് ഹൈകോടതി വിലക്കിയിരുന്നു. ആ കേസിൽ തിരിച്ചടിയുണ്ടായേക്കുമെന്നത് മുൻകൂട്ടി കണ്ടുള്ള നടപടിയാണ് രാജിയെന്ന് വിമർശനവും ഉണ്ട്. അതിൽ എസ്.എഫ്.ഐയെ വലിച്ചിഴച്ചതിൽ അവർക്ക് എതിർപ്പുണ്ട്. നേരത്തെ സ്വന്തം ഡിപ്പാർട്ട്മെൻറിലെ മറ്റൊരു അധ്യാപകനുമായി തർക്കത്തിലേർപ്പെട്ട് മാപ്പ് പറയണമെന്ന ആവശ്യത്തിലും ജയദേവൻ ഈ നിലപാട് തന്നെയായിരുന്നുവെന്ന വിമർശനവും അധ്യാപകർ ഉയർത്തുന്നുണ്ട്. എസ്.എഫ്.ഐക്കെതിരെ വീണുകിട്ടിയ ആയുധമായതിനാൽ ഇതര വിദ്യാർഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. ബി.ജെ.പിയും എ.ബി.വി.പിയും എസ്.എഫ്.ഐക്കെതിരെ സമരപരിപാടികളിലേക്ക് കടന്നു. വ്യാഴാഴ്ച കോളജിൽ എ.ബി.വി.പി പ്രതിഷേധം സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.