പാലക്കാട്: സർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയിലെ നിയമനത്തിന് സർക്കാറും പി.എസ്.സിയും നിശ്ചയിച്ച അടിസ്ഥാനയോഗ്യതകളിൽ ഒന്നായ പ്ലസ് ടു സയൻസ് എന്നത് പ്ലസ് ടു എന്ന് മാത്രമാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആവശ്യമായ നടപടി സ്വീകരിച്ച് മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
2002ൽ കേരളത്തിൽ സയൻസ് ഇതര വിഷയത്തിൽ പ്ലസ് ടു പാസായ ശേഷം, കർണാടകയിൽനിന്ന് ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ് പാസായി കർണാടക, കേരള നഴ്സിങ് കൗൺസിലുകളുടെ അംഗീകാരം നേടിയ ഒറ്റപ്പാലം മംഗലം കുഴിക്കാട്ടിൽ ജിഷ റേച്ചൽ തോമസ് തനിക്ക് പി.എസ്.സി പരീക്ഷയെഴുതാൻ കഴിയുന്നില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. നഴ്സിങ്ങിന് പുറമെ പ്ലസ് ടു സയൻസ് യോഗ്യതയുള്ളവർക്ക് മാത്രമാണ് കേരളത്തിൽ പി.എസ്.സി പരീക്ഷയെഴുതാൻ അംഗീകാരമുള്ളത്. 2010 മുതൽ കേരളത്തിൽ ഇന്ത്യൻ നഴ്സിങ് കൗൺസലിന്റെ മാനദണ്ഡപ്രകാരം പ്ലസ് ടു നോൺ സയൻസ് വിഭാഗക്കാർക്കും ജനറൽ നഴ്സിങ് കോഴ്സിന് പ്രവേശനം നൽകുന്നുണ്ടെന്നാണ് നഴ്സസ് ആൻഡ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, പി.എസ്.സി പരീക്ഷ എഴുതാനുള്ള യോഗ്യത പ്ലസ് ടു സയൻസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.