തിരുവനന്തപുരം: വിശപ്പ് കാരണം കുട്ടികള്‍ മണ്ണ് കഴിച്ചിട്ടില്ലെന്ന് കൈതമുക്കിലെ കുട്ടികളുടെ മാതാവ്. മണ്ണില്‍ കളിക്കുേമ്പാൾ മണ്ണ് അബദ്ധത്തില്‍ വായില്‍ പോയതായിരിക്കാം. പിതാവിെൻറ ഉപദ്രവങ്ങളില്‍നിന്ന് സംരക്ഷണം തേടിയാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചതെന്നും മാതാവ് പറഞ്ഞു. ഭര്‍ത്താവ് സ്ഥിരമായി മദ്യപിക്കുമായിരുന്നു. നിരന്തരം മര്‍ദിക്കുകയും ചെയ്യും. അതില്‍നിന്ന് താൽക്കാലികമായി കുട്ടികളെ രക്ഷിക്കാനാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. പട്ടിണിയുണ്ടായിരുന്നില്ല. കുട്ടികള്‍ ഉച്ചക്കും ഭക്ഷണം കഴിച്ചിരുന്നു. ഇപ്പോള്‍ താൽക്കാലിക ജോലി കിട്ടിയിട്ടുണ്ട്. ജോലി ചെയ്ത് മക്കളെ സംരക്ഷിക്കാമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
എന്നാൽ, ഇവരുടെ വിശദീകരണം ശിശുക്ഷേമ സമിതി അധികൃതർ ഖണ്ഡിക്കുന്നു. മക്കൾ ഭക്ഷണം കിട്ടാതെ മണ്ണ് തിന്നുന്നെന്ന് മാതാവാണ് പറഞ്ഞതെന്ന് സമിതി ജന. സെക്രട്ടറി എസ്.പി. ദീപക് ആവർത്തിച്ചു. കഴിഞ്ഞദിവസം അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു.
എന്നാൽ, ശിശുക്ഷേമ സമിതിയുടെ അഭിപ്രായം തള്ളി ബാലാവകാശ കമീഷനും രംഗത്തെത്തി. കുട്ടികൾ മണ്ണുവാരി തിന്ന് വിശപ്പടക്കിയെന്ന വാർത്തകൾ തെറ്റാണ്. ഇളയകുട്ടി മണ്ണുവാരി കളിക്കുന്നത് കണ്ടുകൊണ്ട് സ്ഥലത്തെത്തിയ ശിശുക്ഷേമസമിതി പ്രവർത്തകർ പട്ടിണി കാരണം കുട്ടികൾ മണ്ണുവാരി തിന്നുന്നതായി തെറ്റിദ്ധരിച്ചതാകാമെന്ന് കമീഷൻ ചെയർമാൻ പി. സുരേഷ് അറിയിച്ചു.
ഭർത്താവ് ജോലിക്ക് പോവുകയും വീട്ടിലേക്ക് ഭക്ഷ്യസാധനങ്ങൾ വാങ്ങിനൽകുകയും ചെയ്യാറുണ്ടെന്ന് കുട്ടികളുടെ മാതാവ് കമീഷന് മൊഴി നൽകി. വീട്ടിലെത്തിയ ശിശുക്ഷേമസമിതി പ്രവർത്തകർ എഴുതി തയാറാക്കിയ കടലാസിൽ വായിച്ചുനോക്കാതെയാണ് ഒപ്പിട്ടതെന്നും അവർ കമീഷനോട് പറഞ്ഞു. പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ കുട്ടികളെയും മാതാവിനെയും കാണുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തെന്ന് കമീഷൻ അറിയിച്ചു. കമീഷെൻറ സാന്നിധ്യത്തിൽ ഇവർക്ക് റേഷൻ കാർഡ് നൽകി. ചെയർമാനോടൊപ്പം അംഗങ്ങളായ എം.പി. ആൻറണി, ഫാ. ഫിലിപ് പരക്കാട്ട് എന്നിവരുമുണ്ടായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.