ആൽബർട്ട് വോട്ട്, ഭാര്യ ജൂലി വോട്ട്, മക്കളായ അലിസ്റ്റർ ഇഗ്നേഷ്യസ് വോട്ട്, അലീഷ മേരി വോട്ട്

കൊട്ടിക്കലാശമില്ലാത്ത വിശേഷങ്ങൾ; ഇത്​ കോഴിക്കോ​ട്ടെ 'വോട്ടി'​െൻറ വീട്​

കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിന് അരങ്ങുണരുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് തേടിയുള്ള യാത്ര തുടങ്ങാറായി. ഓരോ വോട്ടും വിലയേറിയതാണ്. എന്നാല്‍, കോഴിക്കോട്ടെ ഒരു വീട്ടില്‍ തെരഞ്ഞെടുപ്പ്കാലത്ത് മാത്രമല്ല എല്ലാകാലത്തും 'വോട്ട്​' ആണ്. പ്രവാസിയായ ആല്‍ബര്‍ട്ട് വോട്ടിൻ്റെയും സെന്‍റ് ജോസഫ്സ് ആം​േഗ്ലാ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രൈമറി വിഭാഗം ഇംഗ്ലീഷ്​ ടീച്ചറായ ജൂലി വോട്ടിൻ്റെയും കോൺവെൻ്റ് റോഡിലെ മരിയൻ ഗ്രൂ അപ്പാർട്ട്മെൻറ്​ വീട്ടിലാണ് ഒരിക്കലും കൊട്ടിക്കലാശമില്ലാത്ത 'വോട്ട്' വിശേഷം.

ജര്‍മനിയില്‍ വേരുകളുള്ള ആല്‍ബര്‍ട്ടിൻ്റെ കുടുംബനാമമാണ് വോട്ട്. ജര്‍മനിയിലെയും സമീപരാജ്യങ്ങളിലെയും പ്രശസ്തമായ കുടുംബനാമങ്ങളിലൊന്ന്. തെരഞ്ഞെടുപ്പിലെ വോട്ടുമായി ഇംഗ്ളീഷ് സ്പെല്ലിങില്‍ അല്‍പം വ്യത്യാസമുണ്ട്. VOGT എന്നാണ് എഴുതുന്നതെങ്കിലും മലയാളത്തിലെ ഉച്ചാരണം 'വോട്ട്' ആണ്. മക്കളായ അലിസ്റ്റര്‍ ഇഗ്നേഷ്യസ് വോട്ടും അലീഷ മേരിയും ആല്‍ബര്‍ട്ടിൻ്റെ അമ്മ അല്‍ഫോന്‍സ വോട്ടും ചേരുന്നതോടെ ആം​േഗ്ലാ ഇന്ത്യന്‍ വംശജരായ വോട്ടുകുടുംബം സമ്പൂര്‍ണമാകും.


ആൽബർട്ട് വോട്ടും ഭാര്യ ജൂലി വോട്ടും

ബ്രിട്ടീഷ്​ ആര്‍മിയില്‍ ക്യാപ്റ്റനായിരുന്ന ജര്‍മന്‍കാരന്‍ ആല്‍ബര്‍ട്ട് വോട്ടായിരുന്നു ഇപ്പോള്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന ആല്‍ബര്‍ട്ട് വോട്ടിൻ്റെ മുത്തച്ഛന്‍. ഒന്നാം ലോക മഹായുദ്ധകാലത്താണ് ആൽബർട്ട്​ സീനിയർ ഇന്ത്യയിലെത്തിയത്. പോര്‍ചുഗീസ്​ പാരമ്പര്യമുള്ള ക്ളാരയെ വിവാഹം ചെയ്യുകയായിരുന്നു. ഇവരുടെ മകന്‍ സെബാസ്റ്റ്യന്‍ ബോബിയുടെ മകനാണ് ജൂലിയുടെ ഭര്‍ത്താവ് ആല്‍ബര്‍ട്ട് വോട്ട്. പേരിലെ കൗതുകം എല്ലാവരും എടുത്ത് പറയുമെന്ന് ജൂലി വോട്ട് പറഞ്ഞു. ജൂലി ടീച്ചര്‍ തൂലികനാമമായാണ് ജൂലി വോട്ട് എന്ന പേര് ഉപയോഗിക്കുന്നത്. ഫേസ്ബുക്കിലും 'സില്‍വര്‍ ബെല്‍സ'് എന്ന പേരില്‍ പാചകപരിപാടി നടത്തുന്ന യൂട്യൂബിലും ജൂലി വോട്ട് എന്ന പേരാണ്.

പലരും പേരിൻ്റെ പൊരുൾ ചോദിക്കുമ്പോള്‍ ഭര്‍ത്താവിൻ്റെ വീട്ടുകാരുടെ കുടുംബവേരും വോട്ട് എന്ന കുടുംബ വിശേഷങ്ങളും വിവരിച്ച്കൊടുക്കാറുണ്ടെന്ന് ജൂലി പറഞ്ഞു. മക്കളായ അലിസ്റ്റര്‍ വോട്ടിനെയും അലീഷ വോട്ടിനെയും സഹപാഠികള്‍ സ്നേഹത്തോടെ കളിയാക്കും. പണ്ട് വോട്ട് ചെയ്യാന്‍ പോകുമ്പോഴും പോളിങ് ബൂത്തില്‍ വെച്ചും കൗതുകവും കളിയാക്കലും നേരിട്ട് അനുഭവിച്ചതായി ഭര്‍ത്താവിൻ്റെ പിതാവ് അഭിപ്രായപ്പെട്ടിരുന്നതായി ജൂലി ഓര്‍ക്കുന്നു.


ആൽബർട്ട് വോട്ട് ബാല്യകാലത്ത് പിതാവ് സെബാസ്റ്റ്യൻ ബോബി വോട്ടിനും സഹോദരങ്ങൾക്കുമൊപ്പം

പേരില്‍ വോട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ ഈ വീട്ടില്‍നിന്ന് കൂടുതല്‍ വോട്ടില്ല എന്നതാണ് 'ആന്‍റികൈ്ളമാക്സ്'. ജൂലി ടീച്ചര്‍ക്കും ഭർതൃമാതാവിനും മാത്രമാണ് ഇവിടെ സമ്മതിദാന അവകാശമുള്ളത്​. ഭര്‍ത്താവ് ആല്‍ബര്‍ട്ട് 30 വര്‍ഷമായി വിദേശത്തായതിനാല്‍ തെരഞ്ഞെടുപ്പ് കാലത്ത് പലപ്പോഴും നാട്ടിലത്തൊറില്ല. വോട്ടര്‍പട്ടികയില്‍ പേരുമില്ല. പ്ലസ്​ടു പൂര്‍ത്തിയാക്കി ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോകാനൊരുങ്ങുന്ന മകന്‍ അലിസ്റ്ററിന് 18 വയസ് പൂര്‍ത്തിയാകാന്‍ അടുത്ത വര്‍ഷമാകണം. മകള്‍ അലീഷ സെന്‍റ് ജോസഫ്സ് സ്കൂളില്‍ ഒമ്പതാം ക്ളാസിലാണ്. കോവിഡ് കാലമാണെങ്കിലും വോട്ട് ചെയ്യാന്‍ ജൂലിയും അല്‍ഫോന്‍സ വോട്ടും ഇത്തവണയും പോകും.

ആല്‍ബര്‍ട്ടിൻ്റെ സഹോദരനായ ക്രിസ്റ്റഫറാണ് നഗരത്തിലുള്ള മറ്റൊരു വോട്ട് കുടുംബം. കുടുംബപേരും പാരമ്പര്യവും നിലനിര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധരാണ് ഇവര്‍. മുത്തച്ഛനായ ക്യാപ്റ്റന്‍ ആല്‍ബര്‍ട്ട് താമസിച്ച ബീച്ചിന് സമീപത്തെ വീട്ടില്‍ ഇപ്പോൾ ആൾതാമസമില്ലെങ്കിലും ജൂലിയും ആല്‍ബര്‍ട്ടും സംരക്ഷിച്ചുപോരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.