കുറുക്കോളി മൊയ്തീന്റെ വീടിന്റെ മുറ്റത്ത് ഒരുദിവസം രാവിലെ നോക്കുമ്പോൾ നാല് മയിലുകൾ പീലി വിടർത്തി നൃത്തംചെയ്യുന്നു. എൽദോസ് കുന്നപ്പള്ളിയുടെ സ്വകാര്യ ബില്ലിൽ ഇടപെട്ട് മൃഗങ്ങളുടെ ആക്രമണങ്ങൾ വിവരിക്കുന്നതിനിടെയാണ് മയിലുകളുടെ ചേതോഹര ദൃശ്യം കുറുക്കോളി വിവരിച്ചത്. മയിലുകളൊക്കെ വന്നാൽ കാണാൻ നല്ല ഭംഗിയൊക്കെയാണ്, എന്നാൽ നായ്ക്കൾ വന്നാൽ അങ്ങനെയല്ലെന്ന് എൽദോസ് ഓർമിപ്പിച്ചു. മയിലുകളൊക്കെ കുറുക്കോളിയെ പോലെ മാന്യരായ മനുഷ്യരുടെ വീട്ടിലൊക്കെയേ വരുകയുള്ളൂവെന്ന് അദ്ദേഹത്തിന്റെ പക്ഷം. കാണാൻ നല്ലതാണെങ്കിൽ കുഴപ്പമില്ലെന്നാണോ എന്നായി കാനത്തിൽ ജമീല. കാണാൻ നല്ലതോ ചീത്തയോ എന്നതല്ല, കടികൊള്ളുന്നതാണ് പ്രശ്നമെന്ന് എൽദോസും. സ്വകാര്യ ബില്ലുകളുടെ ദിനത്തിൽ നായ്ക്കളെ സംരക്ഷിക്കാൻ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്ലിൽ സജീവ ഇടപെടലായിരുന്നു.
നായ്ക്കളെ കൊല്ലുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത എൽദോസിനെ 2016ൽ ഡൽഹിയിൽ നായ്ക്കൾ കടിച്ചുകുടഞ്ഞ സംഭവം അംഗങ്ങൾ ഓർത്തെടുത്തു. നായയുടെ കടിയേറ്റവന് മാത്രമേ അതിന്റെ മാനസികവിഷമം അറിയൂ സർ. തെരുവുനായ്ക്കൾക്ക് പഞ്ചായത്തുകളിൽ ഷെൽട്ടർ ഒരുക്കണം. ഇവിടെനിന്ന് ആവശ്യമുള്ളവർക്ക് നായ്ക്കളെ ദത്തെടുക്കാം. എൽദോസിന്റെ മാനസിക വിഷമം മനസ്സിലാക്കി ശ്രീനിജൻ ആശ്വാസവാക്കുമായെത്തി. തെരുവിൽനിന്ന് താൻ രണ്ട് നായ്ക്കളെ ദത്തെടുത്തെന്നും അവക്ക് ബോൾട്ടും ലില്ലിക്കുട്ടിയുമെന്ന് പേരിട്ടെന്നും ശ്രീനിജൻ. ഭരണപക്ഷവും പിന്തുണച്ചതോടെ എൽദോസ് സഭയിൽ ഉറക്കെ ആവശ്യപ്പെട്ടു. ശ്രീനിജനെപ്പോലെ എല്ലാ എം.എൽ.എമാരും തെരുവുനായ്ക്കളെ ദത്തെടുത്ത് വളർത്തി മാതൃക കാട്ടണം.
എൽദോസിന്റെ സ്വകാര്യ ബില്ലിൽ ‘ആക്രമണകാരികളായ മൃഗങ്ങൾ’ എന്നതിന് പകരം ‘പൊതുശല്യമായ മൃഗങ്ങൾ’ എന്ന് മാറ്റണമെന്നായിരുന്നു കെ.ഡി. പ്രസേനന്റെ നിർദേശം. നിയോജക മണ്ഡലത്തിലെ ഒരു വോട്ടറുടെ ചെരുപ്പുകളിലൊന്ന് രാത്രിയാകുമ്പോൾ തെരുവുനായ് കടിച്ച് മറ്റൊരു പറമ്പിൽ കൊണ്ടിടുകയാണ്. ഉപദ്രവിക്കുന്നത് നിയമവിരുദ്ധമായതിനാൽ നായയിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ട് വിളിക്കുന്നു. വീടിന് പൊലീസ് സംരക്ഷണം ഒരുക്കാൻ എം.എൽ.എയുടെ ഇടപെടലാണ് ആവശ്യം. പ്രസേനനും വോട്ടർക്കും തോന്നാത്ത ബുദ്ധി അപ്പോൾ തന്നെ എൽദോസിന്റെ തലയിലുദിച്ചു. ‘പൊലീസൊന്നും വേണ്ട, ചെരുപ്പ് വീട്ടിനകത്തിട്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ’. നായ്ക്കൾ ഇത്രയൊക്കെ ശല്യമുണ്ടാക്കുമ്പോൾ എന്തുകൊണ്ട് അവയെ ഭക്ഷണമായി ഉപയോഗിക്കുന്ന നാഗാലാന്റിലേക്കും കൊറിയയിലേക്കും കയറ്റി അയച്ചൂടേ എന്ന ആശയം ടൈസൺ മാസ്റ്റർ തെളിച്ച് പറയാതെ മുന്നോട്ട് വെച്ചു. അതിനെ തിന്നണമോ കൊല്ലണമോ എന്ന് തനിക്ക് അഭിപ്രായമില്ലെന്നായി എൽദോസ്... നിലവിലെ നിയമം മതിയാകുമെന്ന് മന്ത്രിമാർ നിലപാടെടുത്തതോടെ തുടർചർച്ചക്കായി ബിൽ മാറ്റി.
സന്നദ്ധപ്രവർത്തകരുടെ സംരക്ഷണത്തിന് വ്യവസ്ഥ ചെയ്യുന്ന ബില്ലുമായാണ് ടി. സിദ്ദീഖ് എത്തിയത്. വയനാട് ദുരന്തത്തിന്റെ കൂടി വെളിച്ചത്തിൽ വന്ന ബിൽ സഭ ഗൗരവത്തിലാണ് സമീപിച്ചത്. രക്ഷാപ്രവർത്തകരുടെ സംരക്ഷണത്തിനും ചികിത്സക്കും നടപടി വേണം. വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ സംഘടനകളുടെയെല്ലാം പേരെടുത്തുപറഞ്ഞ് സിദ്ദീഖ് അഭിനന്ദിച്ചു.
മനുഷ്യക്കടത്ത് തടയുന്ന ബില്ലുമായെത്തിയ അനൂപ് ജേക്കബ് പഠന കുടിയേറ്റത്തിലെ ചൂഷണം തടയണമെന്ന് നിർദേശിച്ചു. നോർക്ക രജിസ്ട്രേഷൻ കൊണ്ടുവരണം. കുടിയേറ്റം തടയാൻ കഴിയില്ല. ചൂഷണം ഇല്ലാതാക്കാൻ നിയന്ത്രണംവേണം. ബിൽ കേന്ദ്ര വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നതടക്കം പറഞ്ഞ് സർക്കാർ തള്ളി. ചീഫ് വിപ്പ് പ്രഫ എൻ. ജയരാജിന്റെ അഗ്നിശമന സേനാ നവീകരണ ബില്ലിന് വൻ പിന്തുണയാണ് ലഭിച്ചത്. സർക്കാർ പുതിയ പരിഷ്കാരം കൊണ്ടുവരുമെന്ന് മന്ത്രി എം.ബി. രാജേഷും ഉറപ്പുനൽകി. ടൂറിസം മേഖലയിലുള്ളവർക്ക് ക്ഷേമനിധി ബില്ലുമായാണ് സജീവ് ജോസഫ് എത്തിയത്. സർക്കാർ ക്ഷേമനിധി കൊണ്ടുവരുമെന്ന് മന്ത്രിയുടെ മറുപടി. പി.പി. ചിത്തരജ്ഞന്റെ കളിസ്ഥല സംരക്ഷണ ബില്ലിലും പി.സി. വിഷ്ണുനാഥിന്റെ പ്ലേ സ്കൂൾ രജിസ്ട്രേഷൻ ബില്ലിലും തുടർ ചർച്ചയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.