എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാർഥ്യമാക്കും-വീണ ജോര്‍ജ്

തിരുവനന്തപുരം: എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാർഥ്യമാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന മിഷന്‍ സ്‌ട്രോക്ക് പരിശീലന പരിപാടി പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകള്‍ക്ക് പുറമേ 12 ജില്ലകളില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ നിലവില്‍ സ്‌ട്രോക്ക് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മലപ്പുറം, വയനാട് ജില്ലകളില്‍ ഈ വര്‍ഷം തന്നെ സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്‌ട്രോക്ക് ബാധിച്ചവര്‍ക്ക് ഗുണനിലവാരമുള്ള തുടര്‍ജീവിതം ഉറപ്പാക്കുന്നതിനായി ശാസ്ത്രീയവും സമയബന്ധിതവുമായ ചികിത്സ നല്‍കുന്നതിനുള്ള മികച്ച ആരോഗ്യ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നതെന്നും മന്ത്രി പറഞ്ഞു.

സമയബന്ധിതമായ ചികിത്സയിലൂടെ പക്ഷാഘാതം ബാധിച്ചവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിക്കും. അല്ലെങ്കില്‍ ശരീരം തളര്‍ന്നു പോകുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യും. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും അവബോധം വളരെ പ്രധാനമാണ്. ഒരു പ്രദേശത്തെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്‌ട്രോക്കിനെപ്പറ്റിയുള്ള പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് ആരംഭിച്ചത്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ അക്കാഡമി ഓഫ് ന്യൂറോളജിയും, കേരള അസോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റും, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്യൂട്ടിന്റെ കോമ്പ്രിഹെന്‍സീവ് സ്‌ട്രോക്ക് കെയര്‍ യൂണിറ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്ന ഈ പദ്ധതി കേരളത്തില്‍ പത്തനംതിട്ട ജില്ലയിലാണ് തുടക്കം കുറിക്കുന്നത്. സ്‌ട്രോക്ക് നിര്‍ണയിക്കുന്നതിലെ കാലതാമസം ഒഴിവാക്കിക്കൊണ്ട് ഒരു രോഗിയെ സമയം ഒട്ടും വൈകാതെ ചികിത്സക്ക് എത്തിക്കുന്നതിന് ആരോഗ്യ വകുപ്പിലെ എല്ലാ ജീവനക്കാരെയും പൊതുജനങ്ങളെയും സജ്ജമാക്കുക എന്ന ഉദ്ദേശ ലക്ഷ്യമാണ് മിഷന്‍ സ്‌ട്രോക്ക് മുന്നോട്ട് വെക്കുന്നത്.

ഇതിനായി മെഡിക്കല്‍ ഓഫീസര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സ്ട്രോക്കിനെക്കുറിച്ചുള്ള ആരോഗ്യ ബോധവത്ക്കരണം നല്‍കുക എന്നതാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. ഇതിനായി ഇന്ത്യന്‍ അക്കാഡമി ഓഫ് ന്യൂറോളജിയുടേയും, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെയും സാങ്കേതിക സഹായം ഉറപ്പാക്കിയിട്ടുണ്ട്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന തുടര്‍ പരിശീലന പരിപാടികളാണ് മിഷന്‍ സ്ട്രോക്കിന്റെ ഭാഗമായി നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. കോഴിക്കോട് ജില്ലയാണ് അടുത്തതായി തെരഞ്ഞെടുത്തിരിക്കുന്നത്.

Tags:    
News Summary - Stroke centers will be made a reality in all districts - Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.