മുക്കം: 50 അടിയോളം ഉയരമുള്ള മരത്തിൽ മൂന്നു ദിവസം കാക്ക കുടുങ്ങിക്കിടന്നു. ഒടുവിൽ നാട്ടുകാരുടെയും മരംവെട്ടുകാരന്റെയും ആർ.ആർ.ടി വളന്റിയർമാരുടെയും സാഹസികശ്രമത്തിനൊടുവിൽ കാക്കക്ക് അതിജീവനം. കാരശ്ശേരി കുമാരനല്ലൂർ ഗേറ്റുംപടിയിലെ മരത്തിൽ കൂടുകൂട്ടുന്നതിനിടെയാണ് കാക്ക നൂൽക്കമ്പിയിൽ കുടുങ്ങിയത്. 50 അടിയോളം ഉയരമുള്ള ചീനിമരത്തിൽ കാക്ക കുടുങ്ങിക്കിടന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത് മൂന്നു ദിവസം മുമ്പാണ്. രണ്ടു ദിവസം പല രീതിയിലും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
മരത്തിന്റെ വണ്ണക്കൂടുതലും ഉയരവും പ്രതിസന്ധിയായി. വ്യാഴാഴ്ച രാവിലെ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിളിച്ചെങ്കിലും വനംവകുപ്പിനെ ബന്ധപ്പെടാനായിരുന്നു നിർദേശം. തുടർന്ന് വനംവകുപ്പ് ആർ.ആർ.ടി വളന്റിയർമാർ താമരശ്ശേരിയിൽ നിന്നെത്തിയെങ്കിലും കാക്കയെ രക്ഷിക്കാനായില്ല. പിന്നീടാണ് കാരശ്ശേരി കരീറ്റിപുറത്ത് സ്വദേശിയും മരംമുറിക്കാരനുമായ സുകുമാരനെ വിവരമറിയിക്കുന്നത്. മുടക്കംപറയാതെ ഉടൻ തന്നെ സുകുമാരൻ സ്ഥലത്തെത്തി. സാഹസികമായി മരത്തിൽ കയറുമ്പോൾ നാട്ടുകാർക്ക് ഉൾഭയം. ഒടുവിൽ പരിചയസമ്പന്നനായ സുകുമാരൻ കാക്കയെ ചില്ലയിൽനിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. നിലത്തുവീഴുന്ന കാക്കക്ക് പരിക്കേൽക്കാതിരിക്കാൻ നാട്ടുകാർ താഴെ ബെഡ്ഷീറ്റും പിടിച്ചു. വീണ ഉടനെ കാക്കക്ക് ആർ.ആർ.ടി വളന്റിയർമാർ വെള്ളം കൊടുത്തു. മൂന്നു ദിവസം കാത്തിരുന്നിട്ടാണെങ്കിലും കാക്കയെ ജീവനോടെ രക്ഷിക്കാൻ പറ്റിയ സന്തോഷത്തിലായിരുന്നു എല്ലാവരും. മുൻകൈയെടുത്ത അദിനാൻ, സലീം, വേലായുധൻ, ജാഫർ, അൻവർ തുടങ്ങിയവർക്കും നാട്ടുകാരുടെ കൈയടി കിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.