കൊച്ചി: സൗഹൃദം തകർന്നതിലെ നിരാശമൂലമാണ് സുഹൃത്തിനെ വെട്ടിപ്പരിക്കേൽപിച്ച ശേഷം നഗരമധ്യത്തിൽ യുവാവ് കഴുത്തറുത്ത് ജീവനൊടുക്കിയതെന്ന് പൊലീസ്. സൗഹൃദത്തിലുണ്ടായ സ്വരച്ചേർച്ച പരിഹരിക്കാനാണ് ആത്മഹത്യചെയ്ത തോപ്പുംപടി പള്ളിച്ചാൽ റോഡ് കൂട്ടുങ്കൽ വീട്ടിൽ ക്രിസ്റ്റഫർ ക്രൂസും ആക്രമണത്തിനിരയായ സചിനും കലൂരിൽവെച്ച് കണ്ടുമുട്ടിയത്. സചിനെ മാരകമായി ആക്രമിച്ചശേഷം ജീവനൊടുക്കുക എന്നതായിരുന്നു ക്രിസ്റ്റഫറിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വന്നിരുന്നു. തുടർന്ന് സചിൻ ഫോണിലും വാട്സ്ആപ്പിലും മറ്റും ക്രിസ്റ്റഫറിനെ ബ്ലോക്ക് ചെയ്തു. ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാനെന്ന് പറഞ്ഞാണ് ക്രിസ്റ്റഫർ തന്നെ വിളിച്ചുവരുത്തിയതെന്ന് സചിൻ പൊലീസിനോട് പറഞ്ഞു. സൗഹൃദം തുടരാൻ താൽപര്യമല്ലെന്ന് പറഞ്ഞതോടെ ക്രിസ്റ്റഫർ മുളകുപൊടി വലിച്ചെറിയുകയും കത്തിപോലുള്ള ആയുധം എടുത്ത് ആക്രമിക്കുകയുമായിരുന്നുവെന്നാണ് സചിന്റെ മൊഴി. ഒഴിഞ്ഞ് മാറിയതിനാലാണ് തലനാരിഴക്ക് സചിൻ മരണത്തിൽനിന്ന് രക്ഷപ്പെട്ടത്.
ഓടി രക്ഷപ്പെട്ട സചിൻ ഓട്ടോയിൽ എറണാകുളം ജനറൽ ആശുപത്രിയിലെത്തി ചികിത്സതേടുകയായിരുന്നു. ഇയാളുടെ കഴുത്തിന് ഏഴ് തുന്നലുണ്ട്. രാത്രിയോടെ ഡിസ്ചാർജായ സചിൻ വീട്ടിൽ വിശ്രമത്തിലാണ്. ക്രിസ്റ്റഫറിന്റെ മൊബൈലിൽനിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സചിനെ വകവരുത്താൻ ശ്രമിച്ച ശേഷമാണ് ക്രിസ്റ്റഫർ കഴുത്തും കൈഞരമ്പും മുറിച്ച് ജീവനൊടുക്കിയത്.
ഇൻക്വസ്റ്റ് നടപടിയും ഉച്ചയോടെ പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി വൈകീട്ട് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സചിനിൽനിന്ന് പ്രാഥമികമായി മൊഴിയെടുത്തിട്ടുണ്ടെന്നും ആരോഗ്യഅവസ്ഥ മെച്ചപ്പെട്ട ശേഷം വിശദമായ മൊഴിയെടുക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു എറണാകുളം നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. കലൂരിലെ പെറ്റ് ഷോപ്പിന് മുന്നിലിരുന്നാണ് ക്രിസ്റ്റഫർ ആത്മഹത്യ ചെയ്തത്. ക്രിസ്റ്റഫർ മരിച്ച് വീണിട്ടും 50 മീറ്റർ അകലെ വെച്ച് അയാൾ സചിനെ ആക്രമിച്ചത് ആരും അറിഞ്ഞിരുന്നില്ല. മരിച്ചയാളെ തിരിച്ചറിയാൻ നടത്തിയ അന്വേഷണത്തിലാണ് സചിൻ ആക്രമിക്കപ്പെട്ട വിവരം പൊലീസ് കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.