6.65 ലക്ഷം ടിന്‍ ശബരിമല അരവണ നശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി; കേരള ഹൈകോടതിക്ക് രൂക്ഷ വിമർശനം

ന്യൂഡല്‍ഹി: ഏലക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ശബരിമല അരവണ വില്‍പന തടഞ്ഞ കേരള ഹൈക്കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഹൈക്കോടതി വില്‍പന തടഞ്ഞതിനെ തുടര്‍ന്ന് ശബരിമലയില്‍ കെട്ടിക്കിടക്കുന്ന 6.65 ലക്ഷം ടിന്‍ അരവണ നശിപ്പിക്കാന്‍ അനുമതി നൽകിയാണ് സുപ്രീംകോടതി വിമർശനം.

ശബരിമല അരവണ ഉണ്ടാക്കുന്നതിനുള്ള ഏലക്കയുടെ കരാര്‍ ലഭിക്കാത്ത വ്യക്തി നല്‍കിയ ഹരജിയിലായിരുന്നു ഹൈകോടതി ഇടപെടല്‍ എന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന ബെഞ്ച് വാണിജ്യ താൽപര്യങ്ങളുള്ള വിഷയത്തില്‍ ഹൈകോടതി ഇടപെടൽ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് കുറ്റ​പ്പെടുത്തി. ഗംഗാനദിയിലെ വെള്ളം മലിനമായിരിക്കാമെങ്കിലും അതില്‍ മുങ്ങിക്കുളിക്കുമ്പോള്‍ പുണ്യം ലഭിക്കുമെന്ന് പലരും വിശ്വസിക്കുന്നുണ്ട്. അതു പോലെയാണ് പ്രസാദവുമെന്നും ഇവ വിശ്വാസങ്ങളുടെ ഭാഗമാണെന്നും ബെഞ്ച് തുടർന്നു.

രാജ്യത്തെ ആരാധനാലയങ്ങളില്‍ വിതരണം ചെയ്യുന്ന എല്ലാ പ്രസാദങ്ങളും ഭക്ഷ്യസുരക്ഷാപരിശോധനക്ക് വിധേയമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസർക്കാറിന് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു. ഇക്കാര്യത്തില്‍ മാര്‍ഗരേഖ പുറത്തിറക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സഹകരിച്ചാണ് അരവണ നശിപ്പിക്കേണ്ടതെന്നും എങ്ങനെ, എവിടെ വെച്ച് നശിപ്പിക്കണമെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നും കോടതി തുടർന്നു.

Tags:    
News Summary - Supreme Court approves destruction of 6.65 lakh tin Sabarimala Aravana; Severe criticism of the Kerala High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.