ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. റെയിൽവേയുടെ നയപരമായ കാര്യമാണിതെന്നും, കോടതി തീരുമാനിക്കേണ്ടതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹരജി തള്ളിയത്. നേരത്തെ ഹൈകോടതിയും ഹരജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ സതേൺ റെയിൽവേയോട് നിർദേശിക്കണമെന്നായിരുന്നു ആവശ്യം. ഏത് സ്റ്റോപ്പിൽ ട്രെയിൻ നിർത്തണമെന്ന് കോടതി തീരുമാനിക്കണമെന്നാണോ നിങ്ങൾ പറയുന്നത് എന്ന് ചീഫ് ജസ്റ്റിസ് ഹരജിക്കാരനോട് ചോദിച്ചു. നാളെ മറ്റാരെങ്കിലും രാജധാനി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് എത്തിയാല്‍ കോടതിക്ക് എന്തുചെയ്യാനാകും. റെയിൽവേയുടെ നയപരമായ തീരുമാനമാണിതെന്ന് വ്യക്തമാക്കി ഹരജി തള്ളുകയായിരുന്നു.
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലകളിലൊന്നാണ് മലപ്പുറമെന്നും യാത്രാ ആവശ്യങ്ങൾക്കായി ട്രെയിൻ സർവിസിനെ ആശ്രയിക്കുന്ന ഏറെ ആളുകളുണ്ടെന്നും ഹരജിയിൽ കാണിച്ചിരുന്നു. റെയിൽവേ ആദ്യം പുറത്തുവിട്ട സ്റ്റേഷനുകളുടെ പട്ടികയിൽ തിരൂരും ഉണ്ടായിരുന്നെന്നും പിന്നീട് ഒഴിവാക്കിയെന്നും ഇത് രാഷ്ട്രീയ കാരണങ്ങളാലാണെന്നും ഹരജിയിൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.