ന്യൂഡൽഹി: നടപടിക്രമങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പ്രവേശനം റദ്ദാക്കപ്പെട്ട 55 വിദ്യാർഥികൾക്കായി അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജ് 15.73 കോടി രൂപ ഉടൻ നൽകണമെന്ന് സുപ്രീംകോടതി. തിരിച്ച് നൽകേണ്ട ഫീസ് സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന 90ഓളം വിദ്യാർഥികളുടെ കാര്യത്തിൽ ഒമ്പത് മാസത്തിനുള്ളിൽ ഫീസ് നിർണയ സമിതി തീരുമാനം എടുക്കണം. അവർക്കായി സ്ഥിരനിക്ഷേപമായി പ്രത്യേക അക്കൗണ്ടിൽ 25 കോടി രൂപ സർക്കാറിൽ കെട്ടിെവക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.
ഈ നിർദേശങ്ങൾ നടപ്പാക്കിയാൽമാത്രം അടുത്ത അധ്യയനവർഷം കോളജിന് അഫിലിയേഷൻ നൽകുന്ന കാര്യം സർക്കാറും സർവകലാശാലയും പരിഗണിക്കാവൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി. അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2016-2017 വര്‍ഷത്തെ കണ്ണൂര്‍ മെഡിക്കൽ കോളജിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വിദ്യാർഥികൾക്ക് ഇരട്ടി ഫീസ് തിരിച്ചുനൽകാനും ഉത്തരവിട്ടു. ഇത് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് പുതിയ ഉത്തരവ്.
പ്രവേശനം റദ്ദാക്കപ്പെട്ടവരിൽ 55 വിദ്യാർഥികൾക്ക് 23,25,30,000 രൂപ മാനേജ്മെൻറ് മടക്കി നൽകണമെന്ന ഫീസ് നിർണയ സമിതിയുടെ ഉത്തരവ് ഹൈകോടതി ഭേദഗതി ചെയ്തിരുന്നു. രേഖകൾ പരിശോധിച്ച ശേഷം 55 വിദ്യാർഥികൾക്കായി 15,73,19,020 രൂപയാണ് മാനേജ്മെൻറ് നൽകേണ്ടതെന്ന് ഹൈകോടതി വിധിച്ചു. ഈ തുക അടിയന്തരമായി മാനേജ്മെൻറ് വിദ്യാർഥികൾക്ക് കൈമാറണമെന്ന് സുപ്രീംകോടതി വ്യാഴാഴ്ച വ്യക്തമാക്കി. ഫീസ് സംബന്ധിച്ച ഒത്തുതീർപ്പ് കരാറിൽ ഒപ്പുെവച്ച 90ഓളം വിദ്യാർഥികളുടെ കാര്യത്തിൽ ഫീസ് നിർണയ സമിതിക്ക് രേഖകൾ പരിശോധിച്ച് തീരുമാനിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.